60 തെരുവുനായ്​ക്കൾ ഇനി വളർത്തുനായ്ക്കൾ; 'ദത്ത്' സൗകര്യമൊരുക്കിയത്​ പീപ്ൾ ഫോർ അനിമൽസ്

ആലപ്പുഴ: ഏറെ വിഷമിച്ചാണ്​ മുല്ലക്കൽ സ്വദേശിനി അനിത, താൻ പരിപാലിച്ചിരുന്ന മൂന്നുമാസം പ്രായമായ തെരുവുനായ്ക്കുട്ടിയെ പുന്നപ്ര കുറവൻതോട് സ്വദേശി ജോണിനു കൈമാറിയത്. വലിയകുളത്ത് വീട്ടുകാർ ഉപേക്ഷിച്ച വളർത്തുനായ്​ പ്രസവിച്ചതായിരുന്നു അവനെ. നാലെണ്ണമുണ്ടായിരുന്നു. മറ്റുള്ളവയെ പലർക്കായി കൊടുത്തു. ഇവനെ എടുക്കാൻ ആളെത്തിയപ്പോൾ വണ്ടിതട്ടി കാലൊടിഞ്ഞു കിടക്കുന്നതാണു കണ്ടത്. തുടർന്ന്​ പരിപാലിച്ച് മിടുക്കനാക്കിയാണ്​ കൈമാറ്റം. നല്ല പേരിടണമെന്ന നിർദേശിച്ച അനിത ഫോൺ നമ്പറും കൈമാറി. വീടിന്​ സമീപത്തുനിന്ന്​ കിട്ടിയ ആറു കുഞ്ഞുനായ്ക്കളുമായാണു തത്തംപള്ളി സ്വദേശി സോഫിയാമ്മ എത്തിയത്. ഇതിൽ നാലെണ്ണത്തെയും പലരായി ഏറ്റെടുത്തു. എറണാകുളത്തുനിന്ന്​ ബീച്ചിലെത്തിയ കുടുംബമാണ്​ നായ്​കുഞ്ഞുങ്ങളുമായി മടങ്ങിയത്. ആലപ്പുഴ കടപ്പുറത്ത് പീപ്ൾ ഫോർ അനിമൽസ് യൂനിറ്റാണ്​ 'ദത്തെടുക്കൽ' വേദി ഒരുക്കിയത്​. വീട്ടിൽ നായുണ്ടായിട്ടും മറ്റൊന്നിനെ കൂടി എടുക്കാനെത്തിയവരുമുണ്ടായിരുന്നു. കലക്​ടർ എ. അലക്​സാണ്ടർ ഫെസ്​റ്റിവൽ ഉദ്ഘാടനം ചെയ്​തു. രേഷ്​മ രഘുനാഥൻ, ഡോ. വിഷ്​ണു സോമൻ തുടങ്ങിയവർ പങ്കെടുത്തു. 77 തെരുവുനായ്ക്കുട്ടികളിൽ 60 എണ്ണത്തിനെയും ആളുകൾ ഏറ്റെടുത്തു. ആളുകൾ അനുകൂലമായി പ്രതികരിക്കുന്നതിനാൽ ഏറ്റെടുക്കൽ ക്യാമ്പ് വ്യാപിപ്പിക്കുന്നത് ആലോചിക്കുമെന്ന് കലക്​ടർ പറഞ്ഞു. ജനങ്ങൾക്കു ശല്യമുണ്ടാക്കുന്ന നായ്ക്കളെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പാർപ്പിക്കുന്നതും പരിഗണനയിലുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.