ആലപ്പുഴ: ബാങ്ക് വായ്പക്കുവേണ്ട നിർദിഷ്ട സിബിൽ സ്കോർ ഇല്ലെന്നു കാണിച്ച് വിദ്യാഭ്യാസ വായ്പ നിഷേധിച്ച ബി-ടെക് വിദ്യാർഥിനിക്ക് വായ്പ ലഭ്യമാക്കാൻ ജില്ല ലീഡ് ബാങ്ക് മാനേജർക്ക് ജില്ല കലക്ടർ നിർദേശം നൽകി. മാവേലിക്കര താലൂക്കിൽ നടന്ന ജില്ല കലക്ടർ വി.ആർ. കൃഷ്ണ തേജയുടെ പൊതുജന പരാതിപരിഹാര അദാലത്തിലാണ് നടപടി. ചെന്നിത്തല തെക്കോട്ടിൽ തെക്കേതിൽ സുരേഷും മകൾ മരിയയുമാണ് പരാതിയുമായെത്തിയത്. ചെങ്ങന്നൂർ സ്വകാര്യ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയായ മരിയ ആദ്യവർഷത്തെ കോളജ് ഫീസ് അടച്ചിരുന്നു. സുരേഷിന് കഴിഞ്ഞ വർഷം വാഹനാപകടത്തിൽ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് ഫീസ് അടവ് മുടങ്ങി. തുടർന്നുള്ള വർഷങ്ങളിലെ ഫീസ് അടക്കാനാണ് മാവേലിക്കര പഞ്ചാബ് നാഷനൽ ബാങ്കിൽ വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിച്ചത്. എന്നാൽ, രക്ഷാകർത്താവിന് മതിയായ സിബിൽ സ്കോർ ഇല്ലെന്നും അതിനാൽ വായ്പ അനുവദിക്കാൻ കഴിയില്ലെന്നുമായിരുന്നു ബാങ്കിന്റെ മറുപടി. ഇതിനെതിരായ പരാതിയിലാണ് തീർപ്പ്.
വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന തഴക്കര വില്ലേജിലെ ലക്ഷം വീട് കോളനിയിൽ ഉണ്ണിക്കും കുടുംബത്തിനും സ്വന്തമായി വീട് യാഥാർഥ്യമാകും. ജില്ല കലക്ടർ കൃഷ്ണ തേജ ഇവരെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
2003ൽ പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കുള്ള ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങാൻ ലഭിച്ച 15,000 രൂപ വിനിയോഗിച്ച് നാല് സെന്റ് ഭൂമി വാങ്ങി. എന്നാൽ, പിന്നീടാണ് ആ ഭൂമി വാസയോഗ്യമല്ല എന്ന് മനസ്സിലാക്കുന്നത്. തുടർന്നായിരുന്നു പരാതി.
അപകടത്തെ തുടർന്ന് കാലിനുപരിക്ക് പറ്റിയ തഴക്കര ഗ്രാമപഞ്ചായത്ത് കുന്നം മുറിയിൽ സുമ ആനന്ദൻ വീട്ടിലേക്ക് വഴി വേണമെന്ന പരാതിയുമായാണ് അദാലത്തിൽ എത്തിയത്. വഴി ലഭിക്കാൻ വേണ്ട നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കാമെന്ന് കലക്ടർ ഉറപ്പ് നൽകി. സ്റ്റേജിലേക്ക് കയറാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കിയ കലക്ടർ വേദിയില്‍ നിന്നിറങ്ങി സുമക്ക് സമീപം ചെന്നാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. വിധവകളായ സുമയും ചേച്ചിയും ഒരു അഗതിയും നാലു കുട്ടികളും ചേരുന്ന കുടുംബം സ്വന്തം വീട്ടിലേക്ക് എത്താൻ റബർ തോട്ടത്തിലൂടെയും തോടിന്റെ വരമ്പിലൂടെയുമാണ് സഞ്ചരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയിലൂടെ വീട് ലഭിച്ചെങ്കിലും നിർമാണം പൂർത്തിയാകാത്ത അവസ്ഥയിലാണ്.
അദാലത്തിൽ ആകെ 236 പരാതികൾ പരിഗണിച്ചു. വ്യാഴാഴ്ച മാത്രം മാവേലിക്കര താലൂക്ക് പരിധിയിലെ വിവിധ സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട 157 പരാതികളാണ് ലഭിച്ചത്. എം.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.