അക്രമാസക്തരായി തെരുവുനായ്ക്കൾ കടിയേറ്റത് 200ഓളം പേർക്ക്

കായംകുളം: തെരുവുനായ്ക്കൾ അലഞ്ഞുതിരിയാൻ തുടങ്ങിയതോടെ ഒരു മാസത്തിനുള്ളിൽ കായംകുളം മേഖലയിൽ കടിയേറ്റത് 200ഓളം പേർക്ക്. നഗരസഭ പരിധിയിലും സമീപ പഞ്ചായത്തുകളിൽനിന്നുമായി ദിനേന നിരവധി പേരാണ് ഗവ. ആശുപത്രിയിൽ ചികിത്സതേടി എത്തുന്നത്. കഴിഞ്ഞയാഴ്ച നഗരത്തിൽ ഏഴ് പേർക്കാണ് കടിയേറ്റത്. കെ.പി റോഡിൽ രണ്ടാംകുറ്റിക്കും പാർക്ക് ജങ്ഷനും ഇടയിൽ യാത്രചെയ്തവർക്ക്​ നേരെയാണ്​ ആക്രമണമുണ്ടായത്​. റോഡരികിലെ മാലിന്യം തള്ളലാണ്​ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടത്തിന് കാരണം. ഇവയെ വന്ധ്യംകരിക്കാൻ സംവിധാനമില്ലാത്തത്​ വംശവർധനക്ക്​ കാരണമാകുന്നു. രാത്രിയിൽ നായ്​ കുറുകെച്ചാടിയുള്ള വാഹനാപകടങ്ങളും പതിവായി. ആട്, കോഴി, താറാവ് അടക്കം വളർത്തുമൃഗങ്ങളെയും തെരുവുനായ്​ കടിച്ചുകൊല്ലുന്നതായ പരാതിയും വ്യാപകമാണ്. അനിമൽ ബർത്ത് കൺട്രോൾ പദ്ധതി ഭാഗമായി വന്ധ്യംകരണ യൂനിറ്റ് കായംകുളത്തിന് അനുവദിച്ചിട്ട് കുറെയായെങ്കിലും ഇത് കടലാസിൽ മാത്രമായി. തെരുവുനായ്ക്കളെ പിടികൂടി കൂടുകളിൽ പാർപ്പിക്കാനുള്ള സംവിധാനവും നഗരത്തിലില്ല. പ്രഭാതസവാരിക്കാർ നായ്ക്കളെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്. നഗരത്തിൽ മിക്കയിടത്തും മാലിന്യം കുന്നുകൂടി കിടക്കുന്നതാണ് നായ്ക്കളെ ആകർഷിക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെ കൂട്ടത്തോടെ ചാടിച്ചെല്ലുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്. രാത്രി നഗരത്തിലെ പല റോഡുകളും തെരുവുനായ്ക്കളുടെ വിഹരകേന്ദ്രമായി മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.