നാട് ഒന്നടങ്കം കൈകോർത്തു; 16കാരനായി സ്വരൂപിച്ചത് അരക്കോടിയിലേറെ

ചേര്‍ത്തല: നാട് ഒന്നടങ്കം കൈ കോർത്തതോടെ 16കാരന് ജീവിതത്തിന് പ്രതീക്ഷയായി. ഇരുവൃക്കകളും തകരാറിലായ നഗരസഭ 11ാം വാര്‍ഡില്‍ സജി-ഷീബ ദമ്പതികളുടെ ഏക മകൻ സൻജിനുവേണ്ടിയാണ് 35 വാർഡുകളിൽ 156 സ്‌ക്വാഡുകളായി അഞ്ചുമണിക്കൂർകൊണ്ട് 52,50,702 രൂപ സ്വരൂപിച്ചത്. വർഷങ്ങളായി ഇരുവൃക്കകളും തകരാറിലായ സൻജിന് മാതാവ് ഷീബ വൃക്ക നല്‍കാന്‍ സന്നദ്ധയായിരുന്നു. എന്നാൽ, ശസ്ത്രക്രിയയും തുടര്‍ചികിത്സയുമടക്കമുള്ള ചെലവുകള്‍ നിർധന കുടുംബത്തിന്​ താങ്ങാവുന്നതിലും അപ്പുറമായതോടെയാണ് നഗരസഭ നേതൃത്വത്തില്‍ നാട് കൈകോര്‍ത്തത്. ചങ്ങനാശ്ശേരി പ്രത്യാശ സഹകരണത്തില്‍ ജീവന്‍രക്ഷാ സമിതിക്ക്​ രൂപംനല്‍കി എല്ലാ വാര്‍ഡ്​തലത്തിലും ജനകീയ സമിതികള്‍ രൂപവത്​കരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 156 സ്‌ക്വാഡുകളും ചേർത്തല ടൗൺഹാളിൽ എത്തിയ ശേഷമാണ് സ്വരൂപിച്ച തുക എണ്ണി തിട്ടപ്പെടുത്തിയത്. ചികിത്സക്ക്​ ആശുപത്രിക്ക്​ നേരിട്ട് പണം നൽകുമെന്ന് ചെയര്‍പേഴ്‌സൻ ഷേര്‍ളി ഭാര്‍ഗവന്‍ പറഞ്ഞു. വാർഡ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങളും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളും സൻജിന് ജീവൻരക്ഷക്കായി മുന്നിട്ടിറങ്ങി. വി.എച്ച്.എസ്.ഇയിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് സന്‍ജിന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.