അംഗൻവാടികൾക്ക് സ്വന്തം സ്ഥലവും കെട്ടിടങ്ങളും യാഥാർഥ്യമാക്കും -പഞ്ചായത്ത്​ പ്രസിഡന്‍റ്​

മാന്നാർ: അംഗൻവാടികൾക്ക്​ സ്വന്തമായി സ്ഥലവും കെട്ടിടങ്ങളും ഘട്ടംഘട്ടമായി യാഥാർഥ്യമാക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി പറഞ്ഞു. കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 28 അംഗൻവാടികളിൽ 17 എണ്ണത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിന്റെ പേരിൽ പ്രവർത്തനാനുമതി നിഷേധിച്ചെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. കെട്ടിടത്തിന് മുകളിലെ മരച്ചില്ലകൾ, യോഗ്യമല്ലാത്ത ശുചിമുറികൾ, ശുചിത്വമില്ലായ്മ, ആസ്ബസ്റ്റോസ് ഷീറ്റുകൾ തുടങ്ങിയ ചെറിയ ചെറിയ കാരണങ്ങളാലാണ് പല അംഗൻവാടികൾക്കും ഫിറ്റ്നസ് ലഭിക്കാതിരുന്നത്. ഇത്​ പരിഹരിക്കാനുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തിവരുകയാണ്. ഈ ഭരണസമിതി നിലവിൽ വന്ന്​ ഒന്നരവർഷത്തിനുള്ളിൽ രണ്ടാം വാർഡിലെ അംഗൻവാടിക്ക് കെട്ടിട നിർമാണത്തിനുള്ള ഫണ്ട് അനുവദിച്ചു. എട്ടാം വാർഡിൽ അംഗൻവാടിക്കായി സ്ഥലം വാങ്ങി. 12ാം വാർഡിൽ കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. 11ാം വാർഡിലെ അംഗൻവാടി ഹൈടെക്കായി ഉയർത്തി. മുഴുവൻ അംഗൻവാടികൾക്കും ഫർണിച്ചറുകൾ വിതരണവും ചെയ്തു. കുട്ടികളുടെ പഠനത്തിനും ആരോഗ്യത്തിനും കൂടുതൽ പ്രാധാന്യം നൽകി അംഗൻവാടികളുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്നും പ്രസിഡന്‍റ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.