തൃപ്പെരുന്തുറ പഞ്ചായത്തിൽ ബി.ജെ.പി പ്രസിഡന്‍റിനെതിരെ അവിശ്വാസവുമായി സി.പി.എം

മാന്നാർ: ബി.ജെ.പി ഭരിക്കുന്ന ചെന്നിത്തല-തൃപ്പെരുന്തുറ ​ഗ്രാമപഞ്ചായത്തിൽ പ്രസിഡന്‍റിനെതിരെ സി.പി.എം അവിശ്വാസത്തിന്​ നോട്ടീസ് നൽകി. 15 ദിവസത്തിനുള്ളിൽ അവിശ്വാസം ചർച്ചക്കെടുക്കും. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ മൂന്ന്​ മുന്നണികൾക്കും ആറ്​ അംഗങ്ങൾ വീതമാണുള്ളത്​​. തെരഞ്ഞെടുപ്പ്​ കഴിഞ്ഞപ്പോൾ എൽ.ഡി.എഫിന് അഞ്ച്​ അംഗങ്ങളെ ഉണ്ടായിരുന്നുള്ളു. കോൺഗ്രസ് വിമതഅംഗം പിന്നീട് കേരള കോൺഗ്രസ് എമ്മിൽ ചേർന്ന്​ എൽ.ഡി.എഫിൽ എത്തിയതോടെയാണ് മൂന്ന്​ മുന്നണികളും തുല്യശക്തികളായത്. സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ രണ്ടുതവണ കോൺഗ്രസ്​ പിന്തുണയോടെ പ്രസിഡന്‍റായി. പ്രസിഡന്‍റ്​ സ്ഥാനം പട്ടികജാതി വനിത സംവരണമാണ്. സി.പി.എമ്മിനും ബി.ജെ.പിക്കും മാത്രമാണ് പട്ടികജാതി വനിത അംഗം ഉള്ളത്. ഈ സാഹചര്യത്തിലാണ് കോ‍ൺഗ്രസ് സി.പി.എമ്മിനെ പിന്തുണച്ചത്. 2021 ഏപ്രിൽ 20ന് അധ്യക്ഷസ്ഥാനത്തേക്ക്​ നടന്ന തെരഞ്ഞെടുപ്പിലാണ്​ ബി.ജെ.പിയിലെ ബിന്ദു പ്രദീപ് വിജയിച്ചത്​. ഇവർക്കെതിരെയാണ്​ അവിശ്വാസ നോട്ടീസ്​ നൽകിയിട്ടുള്ളത്​. തുടക്കം മുതൽ കോൺഗ്രസിലെ രവികുമാർ കോമന്‍റേത്താണ് വൈസ് പ്രസിഡന്‍റ്​. രവികുമാറിനെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. ബി.ജെ.പിക്കെതിരായ പ്രമേയത്തിൽ ഇരുമുന്നണികളും അവിശ്വാസത്തെ അനുകൂലിക്കാനാണ്​ സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.