ആലപ്പുഴ: തെരഞ്ഞെടുപ്പ് വേളയിലും പിന്നീടും നേട്ടമായി അവതരിപ്പിച്ച വികസന പദ്ധതികൾ പൂർത്തിയാകൽ ഘട്ടം കഴിഞ്ഞും ഇഴയുന്നു. നഗരത്തിന്റെ മുഖഛായ മാറ്റുമെന്ന തരത്തിൽ പ്രചരിപ്പിച്ച പദ്ധതികൾ കമീഷൻ ചെയ്യാൻ ഇനിയും കാത്തിരിക്കണമെന്നതാണ് സ്ഥിതി. നവീകരണങ്ങളെല്ലാം ഇഴഞ്ഞുനീങ്ങുകയാണ്. മഴക്കാലമെത്തുന്നതോടെ ഇനിയും വൈകാനാണിട. നഗരം കേന്ദ്രീകരിച്ചുള്ള നിർമാണങ്ങളാണ് മെല്ലെപ്പോക്കിലായത്. ഇതോടെ ജനത്തിന്‍റെ ദുരിതവും തുടരുന്നതിനൊപ്പം നിർമാണച്ചെലവ് കൂട്ടുമെന്നും ആശങ്കയുണ്ട്. മുപ്പാലം നാൽപാലമാകുമെന്ന പ്രഖ്യാപനമാണ് നീളുന്ന പദ്ധതികളിൽ ഒന്ന്. കോവിഡ് കാലത്ത് തുടങ്ങിയ നവീകരണം എങ്ങുമെത്തിയിട്ടില്ല. ഒരു വർഷത്തിനകം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചതാണ്. രണ്ടു പാലങ്ങളുടെ തൂണുകൾ മാത്രമേ പൂർത്തിയായിട്ടുള്ളൂ. 70.44 കോടി രൂപക്കാണ് പാലങ്ങളുടെ പുനരുദ്ധാരണം നടക്കുന്നത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പ്രഖ്യാപിച്ച മൊബിലിറ്റി ഹബ്ബിന്റെ പണികൾ തുടങ്ങാൻ പോലുമായിട്ടില്ല. ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ അനുമതി വൈകുന്നതും വളവനാട്ട് താൽക്കാലിക കെ.എസ്.ആർ.ടി.സി ഗാരേജ് നിർമാണം പൂർത്തിയാകാത്തതുമാണ് പ്രശ്നം. പരീക്ഷണ പൈലിങ് ജോലികൾ നടന്നതല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. കിഫ്ബി സഹായത്തോടെ ഇൻകെലിനാണ് നിർമാണ ചുമതല. ജലഗതാഗതവകുപ്പ്, കെ.എസ്.ആർ.ടി.സി, ഇറിഗേഷൻ, ഇറിഗേഷൻ യാർഡ് എന്നീ വകുപ്പുകളെ എകോപിപ്പിച്ചാണ് ഹബ് യാഥാർഥ്യമാക്കേണ്ടത്. 493.06 കോടി രൂപയുടെതാണ് പദ്ധതി. പൈതൃകപദ്ധതിയിൽ മ്യൂസിയങ്ങളുടെ നിർമാണം പൂർത്തിയായെങ്കിലും തുറന്നുകൊടുക്കുന്നതിന് സജ്ജമായിട്ടില്ല. പൈതൃക പദ്ധതിയിൽ കനാൽ സൗന്ദര്യവത്കരണവും പുരോഗമിക്കുകയാണ്. കനാൽത്തീരങ്ങളോട് ചേർന്ന് ചെറുതും വലുതുമായ 24-ൽപരം മ്യൂസിയങ്ങളാണ് ലക്ഷ്യമിട്ടത്. നഗരത്തിലെ സ്വകാര്യ പൈതൃകകെട്ടിടങ്ങളും സ്കൂളുകളും ആരാധനാലയങ്ങളും പൈതൃകസംരക്ഷണത്തിന്റെ ഭാഗമാകും. പുതുതായി കടൽപാലം നിർമിക്കുന്നതിന് തീരുമാനിച്ചതും നടപ്പായില്ല. റീ ടെൻഡർ ചെയ്യാൻ കിഫ്ബിയിൽനിന്ന് അനുമതി ലഭിച്ചിട്ടേയുള്ളൂ. പൈതൃകപദ്ധതിയിൽ പടക്കപ്പൽ സ്ഥാപിച്ചെങ്കിലും സഞ്ചാരികളെ ആകർഷിക്കുംവിധം കപ്പലിനു ചുറ്റും ഒരുക്കേണ്ട നവീകരണം തുടങ്ങിയിട്ടില്ല. പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇ.എം.എസ്. സ്റ്റേഡിയം നവീകരണം കുരുക്കിൽ തന്നെയാണ്. നവീകരണവുമായി ബന്ധപ്പെട്ട് നാലേകാൽക്കോടിയുടെ ആദ്യഘട്ട ടെൻഡർ നടപടികൾ പൂർത്തിയായിട്ടുണ്ട്. മഴപെയ്താൽ ഇ.എം.എസ്. സ്റ്റേഡിയത്തിലെ പല വ്യാപാരസ്ഥാപനങ്ങളും ചോരും. പണിതിട്ടും ദാ...ഉടൻ എന്നു പറയാൻ തുടങ്ങിയിട്ട് കാലമേറെയായതാണ് രാജാകേശവദാസ് നീന്തൽക്കുളം. ഉടൻ തുറക്കുമെന്ന വർഷംതോറുമുള്ള വാഗ്ദാനത്തിന് മുട്ടുണ്ടായിട്ടില്ല. 2.6 കോടി രൂപ ചെലവ് വരുന്ന നവീകരണം 2017-ലാണ് തുടങ്ങിയത്. നീന്തൽക്കുളത്തിന്‍റെ പോരായ്മകൾ തീർക്കാനാണ് നവീകരണം പ്ലാൻ ചെയ്തത്. കൊമ്മാടിപ്പാലം നവീകരണം പൂർത്തിയാകേണ്ട സമയം പിന്നിട്ടിട്ട് മാസങ്ങളായി. ഒൻപത് ഗർഡറുകൾ തീർക്കേണ്ടതിൽ സ്ഥാപിക്കാനായത് നാലു ഗർഡറുകൾ മാത്രം. ഇവ പൂർത്തിയായി ഒരുമാസം കഴിഞ്ഞാലെ സ്ലാബ് സ്ഥാപിക്കുന്ന ജോലികൾ ചെയ്യാനാകൂ. ഇനിയും പൂർത്തിയാകാത്ത സ്ഥലം ഏറ്റെടുപ്പും തടസ്സമായി നിൽക്കുന്നു. ശവക്കോട്ടപ്പാലം നവീകരണത്തിനും സ്ഥലം ഏറ്റെടുത്തു കിട്ടാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 28.45 കോടി രൂപ ചെലവിട്ടാണ് പാലങ്ങളുടെ നിർമാണം. ശവക്കോട്ടപ്പാലം മുതൽ കൊമ്മാടിപ്പാലം വരെ എ.എസ്.കനാൽ റോഡ് വീതികൂട്ടി നവീകരിക്കുന്നതും ലക്ഷ്യമിട്ടിരുന്നു. പ്രഖ്യാപിച്ച ജില്ലകോടതി പാലത്തിന്‍റെ സ്ഥലമെടുപ്പ് ജോലികൾ നടക്കുന്നേയുള്ളു. നഗരത്തിന്റെ ഹൃദയഭാഗത്തായി അടിപ്പാത സഹിതം ഉയരുന്ന പാലത്തിനായി 258 സെന്റ് സ്ഥലമാണ് ആവശ്യം. 98.16 കോടി രൂപയുടേതാണ് പദ്ധതി. APL MB01 MUPPALAM മുപ്പാലം നിർമാണം പാതിവഴിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.