പൈതൃകപദ്ധതിയിൽ മുഖംമിനുക്കിയ മഖാം മസ്​ജിദിന്​ പുതുഭാവം

ആലപ്പുഴ: ആലപ്പുഴ പൈതൃകപദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മഖാം മസ്​ജിദിന്​ പുതുഭാവം. പ്രാചീന തനിമയോടെ കേരളീയ-ഇസ്​ലാമിക വാസ്തുശിൽപ മാതൃകയിൽ 'എൽ' ആകൃതിയിലുള്ള പള്ളിയുടെ പഴയകെട്ടിടം അതേപടി നിലനിർത്തിയാണ്​​ നവീകരിച്ചത്​. പ്രാദേശികഭാഷയിൽ 'മുഹാം പള്ളി' എന്നുവിളിച്ചിരുന്ന മഖാം മസ്ജിദിനും ഒരുപാട്‌ ചരിത്രം പറയാനുണ്ട്‌. ആലപ്പുഴയിൽ തലയുയർത്തി നിൽക്കുന്ന അതിപുരാതനമായ പള്ളി പടിഞ്ഞാറുനിന്ന്​ കിഴക്കോട്ട്​ 'എൽ' ആകൃതിയിലാണ്​ നിലകൊള്ളുന്നത്​. ആ പഴയ കെട്ടിടമാണ്​ അതിമനോഹരമാക്കിയത്​. അകത്തെപ്പള്ളി, വാതിലുകൾ, മുകൾത്തട്ട്, ഗോവേണി അടക്കമുള്ളവ ​പഴയപെരുമയുടെ അടയാളങ്ങളായിട്ടാണ്​ നിൽക്കുന്നത്​. അവയുടെ കേടുപാടുകൾ തീർത്തും ബലപ്പെടുത്തിയും ഒന്നരവർഷത്തെ സമയമെടുത്താണ്​ നിർമാണം പൂർത്തിയാക്കിയത്​. തനി​മ ചോരാതെയാണ്​ മേൽക്കൂരയും കഴുക്കോലുകളും ഭിത്തികളും ഉൾപ്പെടെയുള്ളവ ബല​പ്പെടുത്തിയത്​. ആലപ്പുഴ പൈതൃകപദ്ധതിയിൽ​പെടുത്തി 1.5 കോടി മുടക്കിയാണ്​ നവീകരണം. ഇതി​നൊപ്പം പഴയഓടുകൾ പൂർണമായും മാറ്റി പുതിയവ സ്ഥാപിച്ചു. ​​മസ്​ജിദിന്‍റെ അവസാനവട്ട മിനുക്കുപണികൾ തീർത്ത്​ ഈമാസം അവസാനം അല്ലെങ്കിൽ അടുത്തമാസം ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി ഉദ്​ഘാടനം നടത്തുമെന്നാണ്​ അറിയുന്നത്​. വാണിജ്യ നഗരമെന്നനിലക്ക് ആലപ്പുഴയുടെ ഖ്യാതി വിദേശനാടുകളിൽ പരന്നതോടെയാണ്​ 'കിഴക്കിന്‍റെ വെനീസ്​' സഞ്ചാരപ്രിയരായ അറബികളുടെ വിഹാരകേന്ദ്രമായത്​. ഇതോടെ നൂറുകണക്കിന്​ പായ്ക്കപ്പലുകളാണ്​ ആലപ്പുഴയുടെ തീരത്തെത്തിയത്​. ഇതിന്​ പിന്നാലെ തൊഴിലും വിപണിയും തേടി കച്ചിമേമന്മാരും ഗുജറാത്തി മുസ്‌ലിംകളും പഠാണികളുമെല്ലാം എത്തി. ദിവാൻ മുൻകൈയെടുത്താണ്​ ബോംബെയിൽനിന്നും ഗുജറാത്തി മുസ്‌ലിം കുടുംബങ്ങളെ കൊണ്ടുവന്ന്​ പാർപ്പിച്ചത്​. ഇവർക്കായി കനാലിന്റെ ഇരുവശത്തും പള്ളികൾ നിർമിക്കാൻ അനുമതിയും നൽകി. നഗരത്തിലെ വാടക്കനാലിന്റെയും വാണിജ്യ കനാലിന്റെയും തീരത്തെ ഇരുകരകളിലും 100 വർഷത്തിലധികം പഴക്കമുള്ള കെട്ടിടങ്ങൾ അതേപടി സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ള ആലപ്പുഴ പൈതൃകപദ്ധതിയിയിലാണ്​ പുനരുദ്ധാരണം നടത്തിയത്​. APL makam masjid പൈതൃകപദ്ധതിയിൽ ഉൾപെടുത്തി നവീകരിച്ച ആലപ്പുഴ മഖാം മസ്​ജിദ്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.