ഐ.എം.എയുടെ തരംഗം യാത്ര ജില്ലയിൽ

ആശുപത്രി ആക്രമണങ്ങൾക്കെതിരെയാണ്​ യാത്ര ആലപ്പുഴ: ആശുപത്രി ആക്രമണങ്ങൾക്കും ആരോഗ്യമേഖലയിലെ അനാരോഗ്യ പ്രവണതകൾക്കുമെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി നയിക്കുന്ന തരംഗം യാത്ര ജില്ലയിലെത്തി. ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കുക, ക്ലിനിക്കൽ എസ്റ്റാബ്ലിമെന്‍റ്​ നിയമം ഭേദഗതി ചെയ്യുക, അശാസ്ത്രീയ സങ്കര ചികിത്സാരീതി തടയുക, ബ്രിഡ്ജ് കോഴ്സുകൾ അനുവദിക്കാതിരിക്കുക, ചരക പ്രതിജ്ഞ ആധുനിക വൈദ്യശാസ്ത്രത്തിൽ ഉൾപ്പെടുത്താതിരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യാത്ര. ഈ ആവശ്യങ്ങളുന്നയിച്ച്​ എം.എൽ.എമാരെ നേരിൽകാണും.​ ജില്ലയിലെ യാത്ര ശനിയാഴ്ച സമാപിക്കും. കാസർകോട് നിന്നാരംഭിച്ച യാത്ര മേയ്​ 15ന് മലപ്പുറത്താണ്​ സമാപിക്കുന്നത്​. ആലപ്പുഴ മെഡിക്കൽ കോളജി​ലെത്തി ഡോക്​ടർമാരെയും വിദ്യാർഥിക​ളെയും നേരിൽകണ്ടു. ആക്രമണങ്ങളുണ്ടായാൽ ഏതുരീതിയിൽ പ്രതികരിക്കണമെന്നത്​ സംബന്ധിച്ച അഭിപ്രായങ്ങൾ തേടുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സന്ദർശനം. കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണത്തിന് നിയമനിർമാണം വേണമെന്ന്​ ഭാരവാഹികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ വനിതകൾ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. യുക്രെയിനിൽനിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർഥികളുടെ കാര്യത്തിൽ ധിറുതിപിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നും കൂടുതൽ സീറ്റുകളിൽ വിദ്യാർഥികളെ കുത്തിനിറച്ച് ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറക്കാനാവില്ലെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. സാമുവൽ കോശി, സെക്രട്ടറി ഡോ. ജോസഫ്​ ബെനവൻ, ഡോക്ടർമാരായ മോഹനൻ നായർ, അനിത ബാലകൃഷ്ണൻ, മദനമോഹനൻ നായർ, എം.പി. മുഹമ്മദ്​ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.