ഹരിപ്പാട്​ ബജറ്റ്​: മാലിന്യമുക്ത നഗരസഭക്ക് ഊന്നൽ

ഹരിപ്പാട്: സംയോജിത സുസ്ഥിര കാര്‍ഷിക മൂല്യവർധിത പദ്ധതി, മാലിന്യമുക്ത നഗരസഭ എന്നിവക്ക്​ ഊന്നല്‍ നല്‍കി ഹരിപ്പാട് നഗരസഭ ബജറ്റ് അവതരിപ്പിച്ചു. മുന്നിരിപ്പ് ഉള്‍പ്പടെ 15,66,34,397 രൂപ വരവും 14,78,03,613 രൂപ ചെലവും 88,30,784 രൂപ നീക്കിയിരിപ്പും ഉള്‍ക്കൊള്ളുന്ന 2021-22 ലെ പുതുക്കിയ ബജറ്റും മുന്നിരിപ്പ് ഉൾപ്പെടെ 35,00,04,254 രൂപ വരവും 34,21,18,040 രൂപ ചെലവും 78,86,214 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2022-23 ലെ ബജറ്റ് നിർദേശങ്ങളും വൈസ് ചെയര്‍പേഴ്സൻ ശ്രീജ കുമാരി അവതരിപ്പിച്ചു. സംയോജിത സുസ്ഥിര കാര്‍ഷിക മൂല്യവര്‍ധിത പദ്ധതിക്ക് 20 ലക്ഷം രൂപ വകയിരുത്തി. നഗരസഭക്ക്​ സ്ഥലം വാങ്ങുന്നതിന് കോടി രൂപ, വിശപ്പ്​രഹിത ഹരിപ്പാടിന് 10 ലക്ഷം രൂപ, ഉൽപാദന മേഖലക്ക്​ 35 ലക്ഷം, ലൈഫ് ഭവന നിർമാണത്തിന് മൂന്ന് കോടി രൂപ, അംഗൻവാടി കുട്ടികള്‍ക്ക് പോഷകാഹാരത്തിന് 36 ലക്ഷം രൂപ എന്നിങ്ങനെ മാറ്റിവെച്ചു. വയോമിത്രം പദ്ധതി (12 ലക്ഷം), കോവിഡ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് (50 ലക്ഷം), വിട്ടുകിട്ടിയ സ്ഥാപനങ്ങളായ സ്കൂളുകള്‍, ആശുപത്രികള്‍, അംഗൻവാടികള്‍, കൃഷി ഭവന്‍ തുടങ്ങിയവയുടെ പുനരുദ്ധാരണത്തിന് (2.50 കോടി), ഭിന്നശേഷി കുട്ടികള്‍ക്ക് മരുന്നിനും ഉച്ചഭക്ഷണത്തിനും (മൂന്ന് ലക്ഷം) ഹരിപ്പാട് നഗര മധ്യത്തിലൂടെ കടന്നുപോകുന്ന പിള്ളതോടിന്‍റെ നവീകരണത്തിനും പൊതുകുളങ്ങളുടെ പുനരുദ്ധാരണത്തിനും (30 ലക്ഷം) റോഡ്, ഇടവഴി, ഓട എന്നിവയുടെ നിർമാണത്തിന് (1.50 കോടി) പൊതുസ്ഥലങ്ങളില്‍ നിരീക്ഷണ കാമറ സ്ഥാപിക്കുന്നതിന് (20 ലക്ഷം), ആശുപത്രികളിലേക്ക് മരുന്ന് വാങ്ങുന്നതിന് ( 25 ലക്ഷം ), താലൂക്ക് ആശുപത്രി ഡയാലിസിസ് യൂനിറ്റിലേക്ക് മരുന്ന് വാങ്ങുന്നതിന് (അഞ്ചുലക്ഷം) ഭവന നിർമാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും (50 ലക്ഷം) വകയിരുത്തി. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പിന് 14 ലക്ഷം രൂപയും മാറ്റിവെച്ചിട്ടുണ്ട്. ചെയര്‍മാന്‍ കെ.എം. രാജു അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.