അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ തിരുനടയിൽ നാടകശാല സദ്യ

ആറാട്ട്​ ഇന്ന്​ അമ്പലപ്പുഴ: ഐതിഹ്യപ്പെരുമ നിലനിർത്തി അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ തിരുനടയിൽ മാധുര്യമേറിയ നാടകശാല സദ്യ നടന്നു. ഒമ്പതാം ഉത്സവദിവസമായ ശനിയാഴ്ച നടന്ന നാടകശാലയിൽ സദ്യ ഉണ്ണാനും കണ്ട് സായുജ്യമടയാനും ആയിരക്കണക്കിന് ഭക്തരാണ് കൃഷ്ണസന്നിധിയിലെത്തിയത്. ഉച്ചക്ക് 12.30 ഓടെയാണ് ആചാരപ്പെരുമകളോടെ സദ്യ വിളമ്പിത്തുടങ്ങിയത്. ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ ആർ. അനന്തഗോപൻ ഉദ്ഘാടനം നിർവഹിച്ചു. 32 ഇനം വിഭവമാണ് ഇതിന്​ ഒരുക്കിയത്. സദ്യ ഉണ്ടുകഴിഞ്ഞപ്പോൾ ഭക്തർ വഞ്ചിപ്പാട്ട് പാടി താളത്തിനൊത്ത് ചുവടുവെച്ച് ഭക്ഷണവും ഇലയും വലിച്ചെറിഞ്ഞു. തുടർന്ന് പടിഞ്ഞാറേ നടയിലെ പുത്തൻകുളത്തേക്ക് വഞ്ചിപ്പാട്ടുമായി സംഘം നടന്നു. വഞ്ചിപ്പാട്ട് പാടി താളത്തോടൊപ്പം ചുവടുവെച്ച് തിരികെയെത്തുന്ന ഭക്തരെ അമ്പലപ്പുഴ പൊലീസ് പഴക്കുലയും പണക്കിഴിയും നൽകി സ്വീകരിച്ചു. കിഴക്കേ നടയിലെ ക്ഷേത്രക്കുളത്തിൽ കുളിച്ച് കയറി നടയിലെത്തി തൊഴുത് ഭക്തർ മടങ്ങിയതോടെയാണ് നാടകശാല സദ്യയുടെ ചടങ്ങുകൾ പൂർത്തിയായത്. 10ാം ഉത്സവദിനമായ ഞായറാഴ്ച ആറാട്ട് നടക്കും. ചിത്രം... നാടകശാല സദ്യ കഴിഞ്ഞ് ഭക്തര്‍ പുത്തന്‍കുളം ഭാഗത്തേക്ക് യാത്രതിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.