മന്ത്രി സജി ചെറിയാന് അനധികൃത സ്വത്തെന്ന്​; വിജിലന്‍സിനും തെരഞ്ഞെടുപ്പ് കമീഷനും പരാതി

ആലപ്പുഴ: ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സിലും തെരഞ്ഞെടുപ്പ് കമീഷനിലും ലോകായുക്തക്കും പരാതി നല്‍കി. 2021ല്‍ നിയമസഭയിലേക്ക്​ മത്സരിച്ച സജി ചെറിയാന്‍ നാമനിർദേശ പത്രിക നല്‍കിയപ്പോള്‍ സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് സ്വത്തെന്നാണ്​ കാണിച്ചത്​. എന്നാല്‍, കെ-റെയില്‍ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി സ്വത്ത് അഞ്ച് കോടിയിലധികം വരുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. 32 ലക്ഷത്തില്‍നിന്ന്​ അഞ്ചുകോടിയായി സമ്പാദ്യം വളര്‍ന്നതിനു പിന്നില്‍ അഴിമതിയാണെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബസ് സമരം: മന്ത്രിയുടെ പ്രസ്താവന വഞ്ചനപരം -കെ.ബി.ടി.എ ആലപ്പുഴ: സമരം ചെയ്യുന്ന സ്വകാര്യബസ് ഉടമകളുടെ സംയുക്തസമരസമിതി നേതാക്കളുമായി ചര്‍ച്ചക്കില്ലെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവന വഞ്ചനപരമാണെന്ന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (കെ.ബി.ടി.എ) ജില്ല പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എം. നാസറും പറഞ്ഞു. കഴിഞ്ഞദിവസം വരെ ബസ് ചാര്‍ജും വിദ്യാര്‍ഥി കണ്‍സഷനും വർധിപ്പിക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞിരുന്ന മന്ത്രിയാണ് പുതിയ അടവുനയം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് ചര്‍ച്ചക്ക്​ തയാറാകണമെന്നും ജനങ്ങള്‍ക്ക് സുഖയാത്ര പ്രദാനം ചെയ്യാന്‍ അവസരം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബസ് സമരം മൂന്നാം ദിവസവും ആലപ്പുഴയില്‍ പൂര്‍ണമാണെന്നും അവര്‍ പറഞ്ഞു. തൊഴില്‍ രഹിത വേതനം: രേഖ പരിശോധന ഇന്ന് ആലപ്പുഴ: പുറക്കാട് ഗ്രാമപഞ്ചായത്തില്‍നിന്ന്​ തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്നവരില്‍ രേഖകളുടെ പരിശോധനക്ക് കഴിഞ്ഞ ദിവസങ്ങളില്‍ എത്താന്‍ കഴിയാത്തവര്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക്​ ഒന്നുവരെ പഞ്ചായത്ത് ഓഫിസില്‍ നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. പുതിയ റേഷന്‍ കാര്‍ഡ്, എംപ്ലോയ്‌മെന്റ് കാര്‍ഡ്, എസ്.എസ്.എല്‍.സി ബുക്ക്, ടി.സി, രജിസ്ട്രേഷന്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സത്യവാങ്മൂലം എന്നിവയുടെ അസ്സല്‍ രേഖകള്‍ ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.