ചെറുത്തുനിൽപ്പ്​ രൂക്ഷം; ​ചെങ്ങന്നൂരിൽ കെ. റെയിൽ കല്ലിടൽ തൽക്കാലം നിർത്തി

ചെങ്ങന്നൂർ: കെ. റെയിൽ പദ്ധതി സർവേയും കല്ലിടലും നാൾക്കുനാൾ ജനരോഷമിരമ്പിയതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെച്ചു. കഴിഞ്ഞ രണ്ടിന്​ പിരളശ്ശേരിയിൽ ആരംഭിച്ച പ്രവർത്തനങ്ങൾക്കെതിരെ പ്രദേശത്ത്​ ജനരോക്ഷം ശക്​തമായിരുന്നു​. രണ്ടുദിവസങ്ങളിലായി സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റംഗമായ മന്ത്രി സജി ചെറിയാനെറ ഗ്രാമത്തിലും താമസ സ്ഥലമായ കൊഴുവല്ലൂരിലും കല്ലിടൽ പുരോഗമിച്ചതോടെ സമരത്തിന്‍റെ രൂപവും ഭാവവും മാറിയിരുന്നു. പൊലീസിനെയും - ഉദ്യോഗസ്ഥ സംഘത്തേയും ജനം തടഞ്ഞു. യുവാക്കളും വനിതകളും ഉൾപ്പടെ എന്തും നേരിടാൻ തയാറായി നിൽക്കുകയായിരുന്നു. ​ ചെറുത്തു നിൽപ്പു സമരത്തിന്‍റെ ഭാഗമായിമാറിയ സ്ത്രീകളെ ബലം പ്രയോഗത്തിലൂടെയാണ് നീക്കിയത്. നിരവധി പേരെ അറസ്റ്റ് ചെയ്തു വൈകീട്ട് ജാമ്യത്തിൽ വിട്ടയച്ചെങ്കിലും സിന്ധു ജയിംസിനെ റിമാൻഡ്​ ചെയ്ത് ജയിലിൽ അടച്ചു. ബിരുദവിദ്യാർഥി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുവാൻ നടത്തിയ നീക്കവുമുണ്ടായി. കൊഴുവല്ലൂരിൽ എല്ലായിടത്തും 200 ൽ പരം ആളുകളാണ് പദ്ധതിക്കെതിരെ രംഗത്തുവന്നത്. സെന്‍റ്​. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കൂട്ട മണിയടിച്ച് ഇടവകാംഗങ്ങളായ വിശ്വാസികളെ കൂട്ടിയാണ് സമരസമിതി പ്രവർത്തകരോടൊപ്പം ഉപരോധം തീർത്തത്. തൊട്ടു തലേദിവസം പ ള്ളിയങ്കണത്തിൽ പ്രവേശിച്ചു കല്ലിടാൻ സാധിച്ചതല്ലാതെ തുടർന്നുള്ള അടയാളങ്ങളൊന്നും സ്ഥാപിക്കാൻ എതിർപ്പുമൂലം കഴിഞ്ഞില്ല. ടിയർ ഗ്യാസ് ഷെല്ലുകൾ, അഗ്നിശമന സേന, ആംബുലൻസടക്കമെത്തിയിട്ടും പൂതംകുന്ന് കോളനിയിലേക്കു കടക്കാനായില്ല. ടയറുകൾ നിരത്തി കത്തിച്ച് പ്രതിരോധം തീർത്ത​ു. എം.എൽ എ സ്ഥലത്ത് എത്തണമെന്ന ആവശ്യം മൂന്ന്​ സെന്‍റ്​ ഭൂമിയുടെ മാത്രം അവകാശികളായ 75 ഓളം കുടുംബങ്ങൾ മുന്നോട്ടുവെച്ചു. മാവോയിസ്റ്റ്-നക്സൽ-തീവ്രവാദികളാണ് എതിർപ്പുമായി രംഗത്തുള്ളതെന്ന ഉത്തരവാദിത്വപ്പെട്ട അധികാര കേന്ദ്രങ്ങളിലിരിക്കുന്നവരുടെ പരാമർശനങ്ങളും ജനങ്ങളെ കൂടുതൽ രോഷാകുലരാക്കി. കെ. റെയിൽ: ജനങ്ങൾക്കുനേരെ അപ്രഖ്യാപിത യുദ്ധം -കൊടിക്കുന്നിൽ ആലപ്പുഴ: ജനങ്ങളുടെ നേർക്ക് അപ്രഖ്യാപിത യുദ്ധമാണ് പിണറായി വിജയൻ സിൽവർ ലൈൻ പദ്ധതിയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കേരളത്തിൽ സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ റഷ്യ ഉക്രെയിനിൽ നടത്തുന്ന യുദ്ധം പോലെ ഭീകരമായ അന്തരീക്ഷമാണ് പിണറായി വിജയനും സർക്കാറും സൃഷ്ടിക്കുന്നതെന്നും ലോക്‌സഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കവേ കൊടിക്കുന്നിൽ സുരേഷ് എം.പി വിമർശിച്ചു. കെ റെയിൽ സിൽവർ ലൈൻ പദ്ധതി കമ്യൂണിസ്ററ് ഭീകരതയുടെയും അതിക്രമത്തിന്റെയും ഉദാഹരണാണെന്നും മാർക്സിസ്റ്റ് ഗുണ്ടകളായി പ്രവർത്തിക്കുന്ന പൊലീസുകാരും, കെ. റെയിൽ ഉദ്യോഗസ്ഥരും പാവപ്പെട്ടവരുടെ വീടുകളും കിടപ്പാടങ്ങളും കൈയേറുകയാണെന്നും സുരേഷ് പറഞ്ഞു. ചെങ്ങന്നൂർ മുളക്കുഴയിൽ പ്രശ്നപരിഹാരത്തിനുമായി എത്തിയ എം.പിയെ ജാതിപരമായി അവഹേളിക്കുകയും അപമാനിക്കുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അവകാശലംഘനത്തിന് ലോക്‌സഭാ സ്‌പീക്കർക്ക് പരാതി നൽകിയെന്നും സ്പീക്കറെ പ്രമേയത്തിലൂടെ അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.