വാവ സുരേഷ് വീണ്ടും കർമ്മപഥത്തിൽ ബൈക്കിനുള്ളിൽ ഒളിച്ച മൂർഖനെ പിടികൂടി

ചാരുംമൂട്: ബൈക്കിനുള്ളിൽ ഒളിച്ച മൂർഖനെയും കാത്ത് അഞ്ച് മണിക്കൂർ. വാവ സുരേഷ് എത്തി പിടികൂടി. ആശുപത്രിയിൽനിന്ന്​ ഇറങ്ങിയശേഷം വാവയുടെ ആദ്യത്തെ പാമ്പുപിടിത്തമായിരുന്നു ഇത്. ചാരുംമൂട് ശാരദാസ് ടെക്സ്​റ്റൈൽസ് ഉടമ മുകേഷിന്റെ വീട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റും യമഹ ബൈക്കുമാണുണ്ടായിരുന്നത്. വൈകീട്ട് മൂന്നരയോടെ മകൻ അഖിൽ ബുള്ളറ്റിൽ കയറുമ്പോഴാണ് തറയിൽ കിടന്ന പാമ്പ് പത്തിവിടർത്തി കൊത്താനടുത്തത്. ബുള്ളറ്റിൽനിന്ന് ചാടിയിറങ്ങിയാണ് കടിയേൽക്കാതെ അഖിൽ രക്ഷപ്പെട്ടത്. ഇതിനിടെ പാമ്പ് ബൈക്കിലേക്ക് ഇഴഞ്ഞുകയറി. വീട്ടുകാരും അയൽവാസികളും പാമ്പിന് കാവലായി. ഇതിനിടെ വാവ സുരേഷിനെ ഫോണിൽ വിവരം അറിയിച്ചു. ഉടനെത്താമെന്ന് സുരേഷ് അറിയിച്ചു. വാവ സുരേഷ് എത്തുന്നതറിഞ്ഞ് ആരാധകരും നാട്ടുകാരും തടിച്ചുകൂടി. മൂന്നരക്ക് തുടങ്ങിയ കാത്തിരിപ്പിന് വിരാമമിട്ട് രാത്രി 8.30ഓടെയാണ് സുരേഷ് എത്തിയത്. ബൈക്ക് മൂടിയിരുന്ന കവർ നീക്കിയതോടെ ഹാൻഡിലിനടിയിൽ ചുറ്റക്കിടന്ന പാമ്പിനെ നിമിഷങ്ങൾക്കുള്ളിൽതന്നെ സുരേഷ് പിടികൂടി. വീട്ടുകാർ കരുതിയിരുന്ന പ്ലാസ്റ്റിക് ടിന്നിലാക്കി. പിടികൂടിയ പാമ്പ് രണ്ടുവയസ്സ്​ മാത്രമുള്ള ചെറിയ മൂർഖനാണെന്നും ആശുപത്രി വിട്ടശേഷം ആദ്യമാണ് പാമ്പിനെ പിടിക്കുന്നതെന്നും സുരേഷ് പറഞ്ഞു. സുരേഷിന് നാട്ടുകാർ സ്വീകരണവും നൽകി. ഫോട്ടോ: വാവ സുരേഷ് പാമ്പിനെ പിടികൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.