കല്ലുകടിയായി ജി. സുധാകരൻെറ കത്ത്; സംഘടനാപരമല്ലെന്ന് പാർട്ടി വിലയിരുത്തൽ ആലപ്പുഴ: സംസ്ഥാന കമ്മിറ്റിയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന ജി. സുധാകരന്‍റെ പാർട്ടി സെക്രട്ടറിക്കുള്ള കത്ത് സംഘടനാപരമല്ലെന്ന് സി.പി.എം വിലയിരുത്തൽ. അതേസമയം, ഇത് മാന്യമായ ജി. സുധാകരന്‍റെ 'പടിയിറക്ക'ത്തിന് മങ്ങലായേക്കും. സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാനല്ല തീരുമാനമെങ്കിലും കത്ത് കല്ലുകടിയാണ്. ഒഴിവാക്കിയാലും നിലനിർത്തിയാലും ഈ നീക്കം വാർത്താപ്രാധാന്യം നേടുമെന്നതാണ് ഫലം. രൂക്ഷവിഭാഗീയത കത്തിനിൽക്കുന്ന ആലപ്പുഴ ജില്ലയിൽ ഇതിന്‍റെ ഭാഗമാകാതെ സമ്മേളനകാലയളവിൽ നിൽക്കാനായത് സ്വീകാര്യതയാകുമ്പോൾ തന്നെയാണ് മനസ്സിലിരുപ്പ് മറച്ചുപിടിച്ച് സംസ്ഥാന കമ്മിറ്റിയിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ച് പ്രതിച്ഛായക്ക് മങ്ങലേൽപിച്ചെന്നാണ് വികാരം. സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പത്തെ സംസ്ഥാന കമ്മിറ്റിയിലെങ്കിലും വേണമായിരുന്നു ഇത്തരം ഇടപെടലെന്ന് മുതിർന്ന നേതാവെന്ന നിലയിൽ അറിയാത്തതല്ല സുധാകരന്. ആ സ്ഥിതിക്ക് സുധാകരന്‍റേത് അനാവശ്യനീക്കമെന്ന് പാർട്ടി നേതൃത്വം കരുതുന്നു. അനവസരത്തിൽ എഴുതിയ കത്ത് നേതൃത്വത്തിന് അലോസരമുണ്ടാക്കിയിട്ടുമുണ്ട്. രേഖാപരമായി തനിക്ക് 75 വയസ്സ് ആയിട്ടില്ലെന്നും കത്തിൽ പരാമർശമുണ്ടെന്നാണ് സൂചന. പ്രായം മാത്രമല്ല പരിഗണിക്കുകയെന്നും മറ്റ് പലഘടകങ്ങളും സ്വാധീനിക്കുമെന്നുമാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ഇക്കാര്യത്തിലെ പ്രതികരണം. ഒരുകൂട്ടം പേർ ഒഴിവായാൽ മാത്രമേ പുതിയവർക്ക് കടന്നുവരാൻ കഴിയൂ എന്നും കോടിയേരി കൂട്ടിച്ചേർക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ട സുധാകരൻ സ്വന്തം മണ്ഡലമായ അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കടുത്ത അലംഭാവം കാട്ടിയെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ കമീഷൻ കണ്ടെത്തിയിരുന്നു. മണ്ഡലത്തിൽ എച്ച്. സലാം വിജയിച്ചെങ്കിലും സുധാകരനെതിരെ പരാതി ഉയർന്നു. എന്നാൽ, ശിക്ഷ താക്കീതിൽ ഒതുക്കി. പ്രമുഖ നേതാവായ സുധാകരനെ പ്രായം കണക്കിലെടുത്ത് ഒഴിവാക്കിയാലും ക്ഷണിതാവായി ഉൾപ്പെടുത്തുന്നതിന് സാധ്യത ഉണ്ടായിരിക്കെയാണ് കത്ത്. സംസ്ഥാന കമ്മിറ്റിയിൽനിന്ന് പുറത്തുപോകേണ്ടി വരുമെന്ന് ഉറപ്പായ സാഹചര്യത്തിലാണോ ഭാഗ്യപരീക്ഷണമെന്നോണം സുധാകരന്‍റെ നീക്കമെന്ന് സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.