ചെട്ടികുളങ്ങര ഭരണി മഹോത്സവം: കോവിഡ് മാർഗനിർദേശം പുറത്തിറക്കി

ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭരണി മഹോത്സവം കോവിഡ് മാനദണ്ഡപ്രകാരം നടത്താനുള്ള മാർഗനിർദേശം പുറത്തിറക്കി. താൽക്കാലിക കച്ചവടങ്ങൾ, വഴിയോര കച്ചവടങ്ങൾ എന്നിവ നിരോധിച്ചു. അന്നദാനം, കുത്തിയോട്ട വഴിപാട് നടത്തുന്ന വീട്ടിലെ അന്നദാനം, കുതിര മൂട്ടിൽ കഞ്ഞി വിതരണം എന്നിവ ഒഴിവാക്കി. ആചാര പ്രകാരമുള്ള ചടങ്ങുകൾ ചുരുങ്ങിയ രീതിയിൽ നടത്താം. ക്ഷേത്രവളപ്പിൽ ഒരു സമയം 200 പേർ മാത്രമേ ഉണ്ടാകാവൂ. ക്ഷേത്രത്തിൽ എത്തുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുകയും പേരുവിവരങ്ങളും മറ്റും ക്യു.ആർ കോഡ്/ രജിസ്​റ്ററുകളിൽ രേഖപ്പെടുത്തി സൂക്ഷിക്കുകയും വേണം. കുത്തിയോട്ട വഴിപാട് രണ്ട് വീട്ടുകാർ മാത്രമേ നേർന്നിട്ടുള്ളൂവെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. പരമാവധി 10 പേർ മാത്രമേ വീടുകളിൽ കുത്തിയോട്ട വഴിപാടുമായി ബന്ധപ്പെട്ട് പങ്കെടുക്കാവൂ. ഈ നിർദേശം കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട എസ്.എച്ച്​.ഒ ഉറപ്പാക്കണം. കലാപരിപാടികളും ആഘോഷങ്ങളും നിരോധിച്ചു. പൊതുസ്ഥലങ്ങളിൽ അലങ്കാര ഗോപുരങ്ങൾ, കെട്ടുകാഴ്ചകൾ എന്നിവ നിർമിക്കാനോ ക്ഷേത്രത്തിലേക്കോ പൊതുസ്ഥലങ്ങളിലോ കൊണ്ടുവരാനോ പാടില്ല. ഇതര സ്ഥലങ്ങളിൽനിന്ന ഭക്തജനങ്ങൾ കൂടുതൽ എത്താതിരിക്കാൻ ആവശ്യമായ സന്ദേശങ്ങൾ നൽകണം. ഈ മാനദണ്ഡപ്രകാരമാണ് ഭരണി മഹോത്സവവും എതിരേൽപ്​ മഹോത്സവങ്ങളും നടക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി, ചെങ്ങന്നൂർ ആർ.ഡി.ഒ എന്നിവർ ഉറപ്പുവരുത്തണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.