പ്രതീക്ഷയുടെ തുരുത്തിൽ ഉൾനാടൻ കായൽ വിനോദസഞ്ചാരവും

അരൂർ: കോവിഡ്​ നിയന്ത്രണങ്ങളിൽ വരുത്തിയ അയവിനെത്തുടർന്ന്​ വിനോദസഞ്ചാര മേഖല ഉണരുമ്പോൾ ആലപ്പുഴ ജില്ലയി​െല ഉൾനാടൻ കായൽ വിനോദസഞ്ചാരം പ്രതീക്ഷയിലാണ്. അരൂർ മണ്ഡലത്തിൽ കുത്തിയതോട്, കോടംതുരുത്ത് പഞ്ചായത്തുകളിലാണ് ഉൾനാടൻ ജലവിനോദസഞ്ചാരം അഭിവൃദ്ധിപ്പെട്ടത്. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപും ചുറ്റുമുള്ള കായലും വിനോദസഞ്ചാരത്തിൻെറ പുതിയ സഞ്ചാര കാഴ്ചകൾക്ക് തുടക്കംകുറിച്ചിരുന്നു.
കഴിഞ്ഞ എട്ടുമാസമായി സ്തംഭിച്ചിരുന്ന ഈ വിനോദസഞ്ചാര മേഖലയെ ഉണർത്തിയെടുക്കാൻ കഷ്​ടപ്പെടേണ്ടിവരുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. സർക്കാറും ത്രിതല പഞ്ചായത്തുകളും കായൽ ടൂറിസത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ വേണ്ടത് ചെയ്യണമെന്ന ആവശ്യം ശക്തമാണ്​. ജലാശയങ്ങളിലെ മാലിന്യം നീക്കുക, തോട്ടിലേക്ക് പടർന്നുകിടക്കുന്ന വള്ളിപ്പടർപ്പുകൾ നീക്കംചെയ്യുക, പായൽ കോരിമാറ്റുക എന്നീ കാര്യങ്ങൾ പഞ്ചായത്ത് മുൻകൈയെടുത്ത് ചെയ്യേണ്ടതുണ്ട്. വിമാനത്താവളത്തിലും റെയിൽവേ സ്​റ്റേഷനുകളിലും എത്തുന്ന സഞ്ചാരികളെ ഈ പ്രദേശങ്ങളിലേക്ക് എത്തിക്കാൻ സംവിധാനം ഒരുക്കേണ്ടതുണ്ട്.
അരൂക്കുറ്റിയിലും കോടംതുരുത്തിലും നിർമിച്ച വഞ്ചിപ്പുര ടെർമിനലുകൾ ഉൾനാടൻ ജലയാത്രകൾക്ക് ഉപയോഗിക്കാമെന്ന്​ ചൂണ്ടിക്കാണിക്കപ്പെടുന്നു. അരൂരിൽനിന്ന്​ ആരംഭിക്കുന്ന ജലസഞ്ചാരം പടിഞ്ഞാറൻ കാഴ്ചൾ കണ്ട് അരൂരിൽതന്നെ അവസാനിപ്പിക്കുന്നവിധം റൂട്ട് ഒരുക്കുന്നതിനും സർക്കാർ മാർഗനിർദേശം ആവശ്യമാണ്. പരീക്ഷണാർഥം എറണാകുളത്തേക്ക് സഞ്ചാരയാത്ര ഒരുക്കുന്നത്​ അഭികാമ്യമായിരിക്കുമെന്ന നിർദേശമുണ്ട്​. ഇത്​ വിജയിക്കുന്നപക്ഷം സ്ഥിരയാത്രക്ക്​ സംവിധാനം ഒരുക്കാവുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.