തൊഴിലുറപ്പിലെ നിയന്ത്രണം: വാർഡുകൾ തോറും സമരത്തിന്​ തൊഴിലാളികൾ

ആലപ്പുഴ: തൊഴിലുറപ്പ്​ പദ്ധതിയിൽ കടുത്ത നിയന്ത്രണം കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊഴിലാളികൾ സമരം തുടങ്ങുന്നു. ജില്ലയിലെ എല്ലാ പഞ്ചായത്തുവാർഡുകളും കേന്ദ്രീകരിച്ച് ബുധനാഴ്ച വൈകുന്നേരം സമരത്തിന്​ തുടക്കം കുറിക്കും. അഞ്ചുമണിയോടെ തൊഴിലിടങ്ങളിൽനിന്ന് ഓരോ വാർഡിലെയും ഏതെങ്കിലുമൊരു കേന്ദ്രത്തിൽ കൂട്ടമായെത്തി എൻ.ആർ.ഇ.ജി.വർക്കേഴ്സ് യൂനിയൻ നേതൃത്വത്തിലാണ്​ സമരം. തൊഴിൽദിനങ്ങൾ വെട്ടിക്കുറക്കുകയും ഒരു പഞ്ചായത്തിൽ 20 ജോലിവരെ മാത്രമേ ഒരേസമയം ഏറ്റെടുക്കാവൂ എന്നുമുള്ള കേന്ദ്രനിബന്ധന ജില്ലയിലെ പതിനായിരക്കണക്കിന്​ തൊഴിലാളികൾക്ക്​ ജോലി നഷ്ടപ്പെടുത്തുന്ന സാഹചര്യത്തിലാണ്​ സമരത്തിനിറങ്ങുന്നത്​. സ്ത്രീകളും പ്രായമായവരുമാണ്​ കൂടുതലും തൊഴിലുറപ്പുപദ്ധതിയെ ആശ്രയിക്കുന്നത്. ഇവരിൽ പലർക്കും ജോലിയില്ലാതാകുന്നതോടെ ജില്ലയിലെ കാർഷിക-മൃഗസംരക്ഷണമേഖലകളിലേതടക്കം ഒട്ടേറെ പദ്ധതികൾക്കും തിരിച്ചടിയാകും. കൃഷിക്ക്​ നിലമൊരുക്കൽ, ആട്ടിൻകൂട്​ നിർമാണം, വളക്കുഴി തയാറാക്കൽ, നിർമാണമേഖലയിലെ ജോലികൾ തുടങ്ങിയവയും മുടങ്ങും. പണിയായുധ വാടകയും തൊഴിലാളി കൊടുക്കണമെന്ന നിബന്ധനയും നടപ്പാക്കുകയാണ്​. തൊഴിലുറപ്പുജോലിക്ക്​ കൊണ്ടുവരുന്ന പണിയായുധങ്ങൾക്ക്​ വാടകയിനത്തിൽ രണ്ടുമുതൽ അഞ്ചുവരെ രൂപ നൽകിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മുതൽ അതും നിർത്തലാക്കിയെന്ന് എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂനിയൻ നേതാക്കൾ പറഞ്ഞു. ഇതോടെ വാടകക്കാശ് തൊഴിലാളികളുടെ ചുമലിലായിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.