ആലപ്പുഴ: തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാൻ ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി തീരുമാനിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് യോഗം ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ നിലവിലുള്ള തൊഴിൽ അവകാശങ്ങൾ കനത്ത വെല്ലുവിളി നേരിടുന്നതായും കേന്ദ്ര സർക്കാർ കൊണ്ടുവന്ന തൊഴിൽ നിയമ ഭേദഗതികൾ കോർപറേറ്റുകൾക്ക് വേണ്ടിയുള്ളതാണെന്നും ആരോപിച്ചു. കയർ, കശുവണ്ടി, മത്സ്യം തുടങ്ങിയ പരമ്പരാഗത മേഖലകളെ സംരക്ഷിക്കുന്നതിൽ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥ കാട്ടുന്നതായും ജോബ് പറഞ്ഞു. പഞ്ചായത്തുതലത്തിൽ തൊഴിൽ ഉറപ്പ് ജോലികളിൽ മസ്റ്റർറോൾ എണ്ണം ഇരുപതായി നിജപ്പെടുത്തി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് തൊഴിൽ ദിനങ്ങൾ ഗണ്യമായി കുറയാൻ ഇടവരുത്തുമെന്ന് യോഗം വിലയിരുത്തി. ജില്ല പ്രസിഡന്‍റ് ജി. ബൈജു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ബാബു ജോർജ്, എ.കെ. രാജൻ, ടി. സുബ്രഹ്മണ്യദാസ്, അസീസ് പായിക്കാട്, പി.ഡി. ശ്രീനിവാസൻ, ചിങ്ങോലി അശോകൻ, കലവൂർ ശശികുമാർ, സുരേഷ് ആമ്പക്കാട്, സി.കെ. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, എസ്. താര, കെ. ദേവദാസ്, മാവേലിക്കര രാധാകൃഷ്ണൻ, ചെട്ടികുളങ്ങര രാമചന്ദ്രൻ, സജീവ് ചേർത്തല, സോമൻ മരുത്തൂർവട്ടം, വി.കെ. കൃഷ്ണകുമാർ വാര്യർ, എം.ആർ. മനോജ് കുമാർ, വൃന്ദ എസ്. കുമാർ, പി. തമ്പി തുടങ്ങിയവർ സംസാരിച്ചു. കൃഷി വകുപ്പ് സമ്പൂർണ പരാജയം -ബേബി പാറക്കാടൻ ആലപ്പുഴ: കൃഷിക്കാരന് കാർഷിക മേഖലയിൽ ഉറച്ചുനിൽക്കാൻ ശാശ്വത പദ്ധതികളും പരിപാടികളും ഇല്ലാതെ പ്രോത്സാഹന പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന വകുപ്പായി കൃഷി വകുപ്പ് മാറിയെന്ന് നെൽ-നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ. പ്രഖ്യാപനങ്ങൾ നടപ്പാക്കാൻ വകുപ്പുകൾ തയാറാകാത്തതുകൊണ്ടാണ് രണ്ടാം കൃഷി ചെയ്യുന്ന പാടശേഖരങ്ങളുടെ എണ്ണം ഓരോ വർഷവും കുറയുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് പഠിക്കാൻ കൃഷി വകുപ്പ് തയാറാകണം. നെൽ -നാളികേര കർഷക ഫെഡറേഷൻ സംസ്ഥാന നേതൃയോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടൻ. യോഗം വിവിധ സമരപരിപാടികൾക്ക് രൂപംനൽകി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് ആന്റണി കരിപ്പാശ്ശേരി അധ്യക്ഷത വഹിച്ചു. ഇ. ഷാബ്ദ്ദീൻ, ഹക്കിം മുഹമ്മദ് രാജാ, എം.ഇ. ഉത്തമകുറുപ്പ്, ജോർജ് ജോസഫ് തോട്ടുങ്കൽ, ജേക്കബ് എട്ടുപറയിൽ, എച്ച്. സുധീർ, ഡി.ഡി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.