ഒറ്റ ക്ലിക്ക്​; വായനശാല വായനക്കാരെ തേടിയെത്തും

ആലപ്പുഴ: നഗരസഭയുടെ വിജ്ഞാന നഗരം വായനശാല വാതിൽപ്പടിയിൽ പദ്ധതി നിയമസഭ സ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കൂടുതല്‍ കൂടുതല്‍ വായിക്കുമ്പോള്‍ നാം ഏറെ വിനയാന്വിതരാവുകയും ലോകം വിശാലമാവുകയും ചെയ്യുമെന്ന്​ സ്​പീക്കർ പറഞ്ഞു. കേരളത്തിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്കും മാതൃകയാക്കാവുന്ന ജനകീയമായ പരീക്ഷണമാണ് ആലപ്പുഴ നഗരസഭ നടപ്പാക്കുന്ന വായനശാല വാതില്‍പ്പടിയില്‍ പദ്ധതി. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരസഭ ആരംഭിച്ച ഈ ഓൺലൈൻ പുസ്തകവിതരണം കേരളത്തിൽ തന്നെ ആദ്യമാണ്​. ഇത്​ തന്‍റെ മണ്ഡലമായ തൃത്താലയിലും നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായും സ്​പീക്കർ പറഞ്ഞു. നഗരസഭ പുസ്തകവിതരണം പൂര്‍ണമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറ്റി പുസ്തകങ്ങള്‍ വീടുകളില്‍ എത്തിക്കുന്നതാണ് പദ്ധതി. ഇതിന്​ നഗരസഭ ലൈബ്രറിയിലെ 40,000ത്തിൽ പരം പുസ്തകങ്ങളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തിരുന്നു. ലൈബ്രറികളുടെ പ്രവർത്തനം പൂർണമായും ഓൺലൈനായി മാറ്റി വാർഡുതല വളന്‍റിയര്‍ മുഖേന ഇഷ്ടപുസ്തകം വീടുകളില്‍, കടകളില്‍, ഓഫിസുകളില്‍ എത്തിച്ചു നല്‍കും. വായനക്കാരന്​ അംഗത്വമെടുക്കാനും ബുക്ക് ചെയ്യാനും മൊബൈല്‍ ആപ്പ് വഴി സാധിക്കും. റീഡർ ലോഗിൻ, കൗൺസിലർ ലോഗിൻ, വളന്‍റിയർ ലോഗിൻ എന്നീ തലങ്ങളാണ് ഈ ആപ്പിനുള്ളത്. ഈ വിവരങ്ങൾ ലൈബ്രേറിയന് ലഭ്യമാവുകയും തുടർന്ന് വളന്‍റിയർമാർ നാമമാത്രമായ ഫീസ് വാങ്ങി പുസ്തകമെത്തിക്കുകയും വായനക്കുശേഷം തിരികെ ലൈബ്രറിയിലെത്തിക്കുകയും ചെയ്യും. കേന്ദ്ര സര്‍ക്കാറിന്‍റെ ഇന്ത്യ ഇന്നൊവേഷന്‍സ് ചലഞ്ച് ജേതാവ് ജോയ് സെബാസ്റ്റ്യനാണ് മൊബൈല്‍ ആപ്പ് സൗജന്യമായി രൂപകല്‍പന ചെയ്തത്. എച്ച്. സലാം എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൊബൈല്‍ ആപ്പിന്‍റെ സ്വിച്ച് ഓണ്‍ പി.പി. ചിത്തരഞ്ജന്‍ എം.എൽ.എ നിർവഹിച്ചു. നഗരസഭ അധ്യക്ഷ സൗമ്യരാജ്​, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ്​ അലിയാര്‍ മാക്കിയില്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ആര്‍. വിനിത, എ. ഷാനവാസ്, ബീനരമേശ്, കെ. ബാബു, കൗണ്‍സിലര്‍മാരായ എം.ആര്‍. പ്രേം, നസീര്‍ പുന്നക്കല്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍, എം.ജി. സതീദേവി, എ.എസ്. കവിത എന്നിവര്‍ പങ്കെടുത്തു. APL Speaker ആലപ്പുഴ ടൗൺഹാളിൽ നഗരസഭയുടെ വിജ്ഞാനനഗരം വായനശാല വാതിൽപ്പടിയിൽ പദ്ധതിയുടെ ഉദ്​ഘാടനം നിയമസഭ സ്പീക്കർ എം.ബി. രാജേഷ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.