സി.പി.എം ലോക്കൽ കമ്മിറ്റി തീരുമാനത്തിൽ ഏരിയ കമ്മിറ്റിയുടെ ഭേദഗതി

ചെങ്ങന്നൂർ: സി.പി.എം മാന്നാർ വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും രണ്ടാം വാർഡിലെ മുക്കാത്താരി ബ്രാഞ്ച് സെക്രട്ടറിയുമായ ടി.ജി. മനോജിനെ ഒരുവർഷത്തേക്ക് പാർട്ടിയിൽനിന്ന്​ പുറത്താക്കണമെന്ന തീരുമാനം മാന്നാർ ഏരിയ കമ്മിറ്റി ആറുമാസമായി വെട്ടിച്ചുരുക്കി. പാവുക്കര കെ.എം.എം ഓഡിറ്റോറിയത്തിൽ കഴിഞ്ഞ മാസം നടന്ന കർഷക തൊഴിലാളി യൂനിയൻ മേഖല സമ്മേളനത്തിന്റെ ഭാഗമായി നിലവിലുള്ള ഭാരവാഹികളായ സെക്രട്ടറി ടി.ജി. മനോജ്, പ്രസിഡന്റ് കെ.വി. ഭദ്രൻ എന്നിവരെ മാറ്റി പകരം കൊച്ചുമോനെയും മാർക്കോസിനെയും തെരത്തെടുക്കുന്നതുമായി ബന്ധപ്പെട്ടു ചേർന്ന പാർട്ടി ലോക്കൽ കമ്മിറ്റി യോഗത്തിൽ ക്ഷുഭിതനായി ബഹളമുണ്ടാക്കുകയും കസേരയെടുത്ത് എറിയുകയും അംഗങ്ങളെ ആക്രമിക്കാൻ മുതിരുകയും ചെയ്തുവെന്നാണ് ആരോപണം. ഇതേ തുടർന്ന് ജില്ല നേതൃത്വത്തെ പ്രതിനിധാനം ചെയ്ത സംസ്ഥാന കമ്മിറ്റിയംഗം എൻ. സുധാമണി, ഏരിയ സെക്രട്ടറി ആർ. സുരേന്ദ്രൻ എന്നിവർ ഇടപെട്ട് സമ്മേളനം നിർത്തിവെപ്പിച്ചിരുന്നു. ഇതിനു പുറമെ നിരവധി പരാതിയും പരിഗണിച്ചാണ് 15 അംഗ എൽ.സിയിൽ 11 പേരുടെയും പിന്തുണയോടെ ഭാരവാഹിത്വങ്ങളിൽനിന്ന്​ ഒരുവർഷത്തേക്ക് പുറത്താക്കണമെന്ന തീരുമാനം ഏരിയ കമ്മിറ്റിക്ക് കൈമാറിയത്. വെള്ളിയാഴ്ച നടന്ന ഉപരിഘടകത്തിലെ ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ അതേപടി അംഗീകരിക്കാൻ തയാറായില്ല. ഏതെങ്കിലും തരത്തിലുള്ള നടപടിയുണ്ടായില്ലെങ്കിൽ അതു ഭൂരിപക്ഷ തീരുമാനത്തെ തിരസ്കരിക്കുന്നതായി മാറി മറ്റൊരു വിഷയമാകുമെന്നുള്ള അഭിപ്രായം പരിഗണിച്ച നേർപകുതിയായി വെട്ടിച്ചുരുക്കിയത്. ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ എ. മഹേന്ദ്രൻ, കെ. രാഘവൻ എന്നിവരാണ് ഏരിയ കമ്മിറ്റിയിൽ പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.