പേര്​ ജില്ല ആശുപത്രി; രാത്രി എല്ലാത്തിനും ഒരു ഡോക്ടർ

മാവേലിക്കര: പേര് ജില്ല ആശുപത്രിയെന്ന്​, പക്ഷേ റഫറൽ ആശുപത്രിയുടെ ദുരിതമാണ് ഇവിടെ ചികിത്സ തേടി വരുന്നവർ അനുഭവിക്കേണ്ടി വരുന്നത്. രാത്രി അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. മണിക്കൂറുകളോളം കാത്തുനിന്ന ശേഷം സാധാരണക്കാരിൽ പലരും സ്വകാര്യ ആശുപത്രികളിലേക്ക്​ പോകുന്ന സ്ഥിതിയുമാണ്. രാത്രി ഒരു ഡോക്ടർ മാത്രം ഉള്ളതിനാൽ നിസ്സാര കാര്യങ്ങൾക്കു പോലും രോഗികളെ ആലപ്പുഴ മെഡിക്കൽ കോളജിലേക്ക്​ റഫർ ചെയ്യുന്നു. രാത്രി രോഗികൾ ഡോക്ടറെ കാണാൻ നിൽക്കുമ്പോൾ മെഡിക്കൽ പരിശോധനക്കും മറ്റും പൊലീസോ ജയിൽ അധികൃതരോ പ്രതികളെ എത്തിച്ചാൽ കാത്തുനിൽപ്​ നീളും. വാഹനാപകടങ്ങളിൽ പരിക്കേറ്റ്​ അത്യാസന്ന നിലയിൽ എത്തുന്നവരെ ശുശ്രൂഷിക്കാനും ഈ ഡോക്ടർ മാത്രമാണുള്ളത്​. കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ട രോഗിക്ക്​ അരമണിക്കൂർ കാത്തുനിൽക്കേണ്ടി വന്നതായും പരാതിയുണ്ട്​. ഇത്തരം സംഭവങ്ങളിൽ ഇ.സി.ജി റിപ്പോർട്ടുമായി ഡോക്ടറെ കാണാനെത്തുന്നവരും സെക്യൂരിറ്റിയും തമ്മിൽ വാക്​​തർക്കം പതിവാണ്. രാത്രി ഡ്യൂട്ടിക്ക് ഒരു ഡോക്ടറെ കൂടി നിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.