​വരട്ടാർ പുനരുജ്ജീവനം: നടക്കുന്നത്​ മണൽക്കൊള്ള; ശരിവെച്ച്​ ജലവിഭവ വകുപ്പ്​ റിപ്പോർട്ട്​

* വിറ്റത് 3436.36 ഘനമീറ്റർ മണലെന്ന്​ കണക്ക്​ * ഭീമമായ മണലൂറ്റെന്ന്​ നാട്ടുകാർ ഇടനാട്​ (ചെങ്ങന്നൂർ): വരട്ടാർ പുനരുജ്ജീവനമല്ല മണൽ ഖനനമാണ് ആദിപമ്പയിൽ നടക്കുന്നത്. പ്രളയാവശിഷ്ടങ്ങൾ മാറ്റുന്നത്​ അടക്കം പുനരുജ്ജീവനവുമായി ബന്ധപ്പെട്ട്​ ലക്ഷ്യമിട്ടതൊന്നും ഇവിടെ നടന്നിട്ടില്ല. വെള്ളപ്പൊക്കമുണ്ടായാൽപോലും പ്രദേശവാസികൾ ഒറ്റപ്പെടുന്ന സ്ഥിതി തുടരുകയാണ്​. ഇടനാട്ടുകാർ തീരമിടിയൽ ഭീഷണിയിലുമാണ്​. പത്തനംതിട്ട ജില്ലയിലെ കോയിപ്രത്തെയും ആലപ്പുഴ ജില്ലയിലെ ഇടനാടിനെയും വേർതിരിച്ച് ഒഴുകുന്നതാണ് ആദിപമ്പ. ജലവിഭവ വകുപ്പിന്റെ കഴിഞ്ഞദിവസം വരെയുള്ള കണക്ക്​ പ്രകാരം 3436.36 ഘനമീറ്റർ മണ്ണാണ് എം.സി റോഡിനു സമീപം കല്ലിശ്ശേരിയിലുള്ള യാർഡിൽനിന്ന്​ മാത്രം വിറ്റുപോയത്. ആദ്യഘട്ടത്തിൽ ലോറികളിൽ പാഞ്ഞ ലോഡുകൾ എങ്ങോട്ടുപോയെന്ന്‌ ആർക്കും അറിയുകയുമില്ല. അടുത്തിടെ കുന്നേക്കാട് ക്ഷേത്രത്തിന്റെ പിൻഭാഗത്തുള്ള യാർഡിലും മണലെത്തിച്ചിട്ടുണ്ട്. ഇതിന്റെ കണക്കുമില്ല. പദ്ധതിപ്രദേശത്ത്​ മണൽഖനനമില്ലെന്ന്​ ചെങ്ങന്നൂർ ആർ.ഡി.ഒ, കലക്ടർക്കും കോടതിയിലും റിപ്പോർട്ട് നൽകിയിരിക്കെയാണിത്​. ആദിപമ്പയിൽ വലിയ അളവിൽ മണലുണ്ടെന്ന്​ വ്യക്തമായ ആദ്യഘട്ടത്തിൽത്തന്നെ എക്കലും പ്രളയാവശിഷ്ടങ്ങളും നീക്കൽ നടപടി അവസാനിപ്പിച്ചിരുന്നു. മണൽക്കൊള്ളക്കെതിരെ നാട്ടുകാർ ജനകീയസമിതി രൂപവത്കരിച്ചു പ്രതിരോധിച്ചെങ്കിലും ഫലമുണ്ടായില്ല. ചെങ്ങന്നൂർ നഗരസഭയിലെ കൗൺസിലർമാർ രംഗത്തെത്തിയെങ്കിലും ഉന്നത രാഷ്ട്രീയ ഇടപെടലിൽ മുങ്ങി. ജനകീയ കൂട്ടായ്മയുടെ ഹരജിയിൽ കോടതി ഇടപെട്ടതിനെ തുടർന്നാണ്​ ദുരന്തനിവാരണ വകുപ്പിന്റെ നിർദേശം പാലിച്ച് എക്കൽ, ചളി നീക്കം കൃത്യമായി നടക്കുന്നുണ്ടോയെന്നും നിയമം മറികടന്ന്​ മണൽഖനനം ചെയ്യുന്നുണ്ടോയെന്നും നേരിട്ടന്വേഷിച്ച്​ റിപ്പോർട്ട്‌ സമർപ്പിക്കാൻ കലക്ടറോട്​ ആവശ്യപ്പെട്ടത്​. ഇതേ തുടർന്ന് ആർ.ഡി.ഒ കലക്ടർക്ക്​ നൽകിയ റിപ്പോർട്ടിലാണ്​ മണൽ ഖനനമില്ലെന്നും പ്രവൃത്തികൾ കൃത്യമായി നടക്കുന്നതായും പറയുന്നത്. പുനരുജ്ജീവനവുമായി ബന്ധപ്പെട്ട്​ മണ്ണും മണലും നീക്കംചെയ്യാൻ നൽകിയ കരാറിന്റെ കാലാവധി മേയ് 20ന്​ അവസാനിച്ചിരുന്നു.അതിനിടെ കാലാവധി നീട്ടിക്കിട്ടാൻ കരാറുകാരൻ വീണ്ടും അപേക്ഷ നൽകിയതോടെ നാലുമാസത്തേക്കുകൂടി കരാർ നീട്ടി ഉത്തരവിറങ്ങി. ജലവിഭവ വകുപ്പിന്റെ ഔദ്യോഗിക രേഖകൾ പ്രകാരം മേയ് 20ന്​ പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോൾ ആകെ പുരോഗതി രണ്ട്​ ശതമാനം മാത്രമാണ്.​ ഇടനാട് വഞ്ഞിപ്പോട്ടിൽക്കടവിലെ പ്രവൃത്തികളിൽ മണൽനീക്കം മാത്രമാണ്​ നടത്തുന്നതെന്ന്​ ജലവിഭവ വകുപ്പിന്റെതന്നെ റിപ്പോർട്ടുമുണ്ടായിരുന്നു. വരട്ടാർ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് അടിഞ്ഞുകൂടിയ മണ്ണും ചളിയും എക്കലും പ്രളയാവശിഷ്ടങ്ങളും നീക്കംചെയ്യാനാണ്​ കരാർ നൽകിയത്. എന്നാൽ, മണൽമാത്രം വേർതിരിച്ചെടുക്കുന്ന പ്രവൃത്തിയാണു നടക്കുന്നതെന്നും കുറ്റപ്പെടുത്തുന്നു ജലവിഭവ വകുപ്പിന്‍റെ റിപ്പോർട്ട്​. ഡ്രഡ്‌ജറിനു പുറമെ ആധുനിക യന്ത്രങ്ങളുപയോഗിച്ചായിരുന്ന്​ മണലൂറ്റ്. ആദ്യഘട്ടങ്ങളിൽ നിർദിഷ്ട പ്രദേശത്ത്​ ജനങ്ങൾക്കു പ്രവേശനംപോലും നിഷേധിച്ചാണ്​ പ്രവൃത്തികളാരംഭിച്ചത്. അളന്നുതിട്ടപ്പെടുത്തിയ സ്ഥലത്ത് തീരം നിലനിർത്തി ഖനനം ചെയ്യുമെന്നു പ്രഖ്യാപിച്ചെങ്കിലും വഞ്ഞിപ്പോട്ടിൽക്കടവിൽ മണൽഖനനമാണു നടത്തുന്നതെന്ന് അന്നേ ആക്ഷേപമുണ്ടായിരുന്നു. വെള്ളത്തിൽനിന്ന്​ മണൽ ഡ്രഡ്‌ജ് ചെയ്ത് അരിച്ചുകൂട്ടിയിരുന്നു. പലതരത്തിൽ മണൽ വേർതിരിച്ചു കഴുകിയെടുക്കാൻ വിവിധയിനം അരിപ്പകളും തീരത്തോടുചേർന്നു ചെറിയ കുളങ്ങളും നിർമിച്ചു. വലിയ അളവിൽ മണൽ കടത്തിയതായും പരാതിയുയർന്നിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.