ജല അപകടങ്ങളെ പ്രതിരോധിക്കാൻ വീയപുരത്ത് സേന ഒരുങ്ങുന്നു

ഹരിപ്പാട്: ജല അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നത്​ ലക്ഷ്യമിട്ട് വീയപുരത്ത് പ്രത്യേക സേനക്ക് രൂപംനൽകുന്നു. മുങ്ങിമരണങ്ങളും ചാടി മരിക്കുന്നതും വർധിച്ച സാഹചര്യത്തിലാണ് വീയപുരം ഗ്രാമപഞ്ചായത്ത് വർക്കിങ്​ ഗ്രൂപ്പിൽ ഇത്തരമൊരു ചർച്ച ഉയർന്നത്. കുമാരപുരത്തുനിന്ന് അഗ്നിരക്ഷാസേന എത്തുന്നതുവരെയുള്ള അതിപ്രധാനമായ സമയത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ചർച്ചയിൽനിന്നാണ് ഇങ്ങനെ ഒരാശയം ഉടലെടുത്തത്. അച്ചൻകോവിൽ- പമ്പ നദികളെ കൂടാതെ ആഴം കൂടിയതും കുറഞ്ഞതുമായ നിരവധി കൈത്തോടുകളും പഞ്ചായത്ത് പരിധിക്കുള്ളിലുണ്ട്. വീയപുരം പാലത്തിൽനിന്ന് ചാടി യുവതി ആത്മഹത്യ ചെയ്ത സംഭവം, കാരിച്ചാൽ പാലത്തിൽനിന്ന് മധ്യവയസ്കൻ ചാടി ആത്മഹത്യ ചെയ്ത സംഭവം, വീയപുരം ഡിപ്പോ പാലത്തിന് സമീപം ശ്രീധർമശാസ്ത ക്ഷേത്രത്തിന് സമീപം ഒരു വർഷം മുമ്പ് തഴവയിൽനിന്ന് ചൂണ്ടയിടാനെത്തിയ മൂന്ന് യുവാക്കൾ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്, ഏഴാം ബ്ലോക്കിൽ പാടത്തെ വെള്ളക്കെട്ടിൽ പുല്ലുചെത്താൻ ഇറങ്ങി മരിച്ച സംഭവം തുടങ്ങി നിരവധി ദുരന്തങ്ങളാണ് പ്രദേശവാസികളുടെ മനസ്സിൽ നീറുന്ന ഓർമകളായുള്ളത്​. ഈ ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുപറ്റം യുവാക്കൾ രക്ഷാപ്രവർത്തകരുടെ സ്ഥിരം സാന്നിധ്യം വേണമെന്ന ആവശ്യം ഉയർത്തിയിരുന്നു. പഞ്ചായത്ത് ഭരണസമിതി പച്ചക്കൊടി കാണിച്ചതോടെയാണ് പ്രതിരോധ സംവിധാനമൊരുക്കുന്നത്. വീയപുരം പഞ്ചായത്തിലെ മണൽ തൊഴിലാളികളായിരുന്ന, ആഴത്തിൽ മുങ്ങാൻ പ്രാപ്തിയുള്ളവരെയും നീന്തൽ നന്നായി വശമുള്ളവരെയും കോർത്തിണക്കിയാണ് പദ്ധതി തയാറാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഗ്രാമപഞ്ചായത്ത് ഒരുക്കിക്കൊടുക്കും. പദ്ധതി പ്രാവർത്തികമായാൽ റെയിൽവെ ലെവൽ ക്രോസും കഴിഞ്ഞ് അഗ്നിരക്ഷ യൂനിറ്റ് സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പുതന്നെ പ്രാഥമിക തിരച്ചിൽ നടത്താനോ ജീവൻ രക്ഷിക്കാനോ കഴിഞ്ഞേക്കും. ഇതിന് പുറമെ ശക്തമായ വെള്ളപ്പൊക്കത്തിലോ പ്രളയത്തിലോ ഒറ്റപ്പെട്ട് പോകുന്ന പ്രദേശങ്ങളിലെ വയോധികർ, കിടപ്പുരോഗികൾ ഉൾപ്പടെയുള്ളവരെ കരക്കെത്തിക്കാനും സൗകര്യമൊരുങ്ങും. 2018ലെ പ്രളയത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ പ്രദേശങ്ങളിൽനിന്ന് എൻജിനോടുകൂടിയ വള്ളങ്ങളുമായി മത്സ്യത്തൊഴിലാളികൾ വീയപുരത്തിന്‍റെ രക്ഷാദൗത്യം ഏറ്റെടുത്ത് പ്രദേശത്ത് തമ്പടിച്ചിരുന്നു. കഴിഞ്ഞ പ്രളയത്തിൽ തോട്ടപ്പള്ളി തീരദേശ സേന അഗങ്ങളും രക്ഷാദൗത്യവുമായി രംഗത്ത് എത്തിയിരുന്നു. ദുരന്ത മേഖലകളിൽ രക്ഷാപ്രവർത്തകർക്ക് സഹായകമായും അവരെത്തുന്നതു വരെ പ്രാഥമിക പ്രവർത്തനങ്ങളിലും ഇടപെടാനുള്ള തയാറെടുപ്പിനായാണ് പദ്ധതി പ്രാവർത്തികമാക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പരിശീലനം നൽകാനും ആലോചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.