തൃപ്പക്കുടത്ത് റെയിൽവേ മേൽപാലം: സ്ഥല പരിശോധന നടത്തി; ഭൂമി ഏറ്റെടുക്കൽ നടപടിക്ക്​ തുടക്കം

ആലപ്പുഴ: വീയപുരം- ഹരിപ്പാട് റോഡിൽ തൃപ്പക്കുടത്ത് റെയിൽവേ മേൽപാലം നിർമിക്കാൻ​ സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായി വിദഗ്ധ സമിതി സ്ഥല പരിശോധന നടത്തി. റിപ്പോർട്ട് കലക്ടർക്ക് കൈമാറി. സാമൂഹികാഘാത പഠന റിപ്പോർട്ട് വിദഗ്ധ സമിതി ചർച്ച ചെയ്ത്​ നേരത്തേ അംഗീകരിച്ചതാണ്​. ഈ പശ്ചാത്തലത്തിൽ സ്ഥലം ഏറ്റെടുക്കാൻ​ നടപടി ആരംഭിക്കുമെന്ന് നിർമാണച്ചുമതലയുള്ള കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ എസ്. ഹരിദാസ് പറഞ്ഞു. ഹരിപ്പാട് നഗരസഭയിലെ നാലാം വാർഡിലും വീയപുരം പഞ്ചായത്തിലെ ഒമ്പതാം വാർഡിലുമായാണ് മേൽപാലം നിർമിക്കുക. ഹരിപ്പാട്, വീയപുരം വില്ലേജുകളിലായി മേൽപാലത്തിനും അപ്രോച്ച് റോഡിനുമായി 20 ആർ (50 സെന്റ്) സ്ഥലമാണ് ഏറ്റെടുക്കുന്നത്. 27 കുടുംബങ്ങളെ ഭൂമി ഏറ്റെടുക്കൽ ബാധിക്കും. ഭൂമി ഏറ്റെടുക്കുന്നവർക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തും. കഴിഞ്ഞ നവംബറിലാണ് മേൽപാലത്തിന്​ നടപടികൾ ആരംഭിച്ചത്. അതിനിടെ ഓച്ചിറ, കാക്കനാട് മേൽപാലങ്ങളുടെ സർവേ നടപടി തുടങ്ങി. ഓച്ചിറ - താമരക്കുളം റോഡിലെയും കാക്കനാട്ടെയും റെയിൽവേ മേൽപാലങ്ങളുടെ നിർമാണത്തിന് മുന്നോടിയായി സർവേ നടപടികൾ പൂർത്തിയാക്കി അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനാണ്​ തുടക്കമായത്​. ഓച്ചിറയിലെ മേൽപാലം നിർമാണത്തിന് 85 സെന്റാണ് ഏറ്റെടുക്കുന്നത്. ഇത് അളന്നുതിരിച്ച് കല്ല് സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാക്കി. കാക്കനാട് ലെവൽ ക്രോസിന് 75 സെന്റ് ഏറ്റെടുക്കും. ഇവിടെയും അതിർത്തിക്കല്ലുകൾ സ്ഥാപിച്ചു. രണ്ട് പാലങ്ങളുടെയും നിർമാണച്ചുമതല കെ-റെയിലിനാണ്. അടുത്തയാഴ്ച റവന്യൂ വിഭാഗവും കെ-റെയിൽ അധികാരികളും ചേർന്നുള്ള സംയുക്ത പരിശോധന നടക്കും. ഈ പരിശോധനക്ക്​ ശേഷം പാലത്തിന്റെ നീളം, വീതി, ഉയരം എന്നിവ സംബന്ധിച്ച് പ്രാഥമിക രൂപരേഖ തയാറാക്കും. ജില്ലയിൽ പള്ളിപ്പാട് തൃപ്പക്കുടം അടക്കം മൂന്ന് ​ലെവൽ ക്രോസുകളിലാണ് മേൽപാലത്തിന് അനുമതി ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.