അപകടത്തിൽപ്പെട്ട്​ റോഡിൽ കിടന്ന യുവതിയെ രക്ഷിച്ചു

രക്ഷകനായത്​ ഉസ്താദ് ചെങ്ങന്നൂർ: തിരുവല്ല- കായംകുളം സംസ്ഥാന പാതയിൽ സ്കൂട്ടർ അപകടത്തിൽപെട്ട് 15 മിനിറ്റോളം റോഡിൽ കിടന്ന യുവതിക്ക് മാന്നാർ പുത്തൻ പള്ളി ജുമാമസ്ജിദിൽ ബാങ്ക് വിളിക്കുന്ന ഉസ്താദ് രക്ഷകനായി. സ്റ്റോർമുക്ക്​ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കുട്ടംപേരൂർ വെളുമ്പയ്യത്ത് വീട്ടിൽ ലതീഷ് കുമാറിന്റെ ഭാര്യ ധന്യ സുധർമനെയാണ് (36) രക്ഷിച്ചത്​. ബുധനാഴ്ച പുലർച്ച 5.30നായിരുന്നു അപകടം. തോംസൺ ബേക്കറിയിൽ ജോലിചെയ്യുന്ന ധന്യ പുലർച്ച അവിടേക്ക് സ്‌കൂട്ടറിൽ പോകുമ്പോൾ എതിർദിശയിൽ വന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ലോറി തട്ടുകയായിരുന്നു. ഉസ്താദ്​ കൊല്ലം ചവറ കൊട്ടുകാട് സ്വദേശി അബ്ദുൽകരീമിന്‍റെ സമയോചിത ഇടപെടലാണ് റോഡിൽ മഴയത്ത്​​ കിടന്ന ധന്യക്ക് രക്ഷയായത്. മറ്റുവാഹനങ്ങൾ ഈ സമയത്ത് ഇതുവഴി കടന്നുപോകാതിരുന്നതും തുണയായി. പ്രഭാതനമസ്കാരം കഴിഞ്ഞിറങ്ങിയപ്പോഴാണ്​ യുവതി റോഡിൽ കിടക്കുന്നത്​ ഉസ്താദിന്റെ ശ്രദ്ധയിൽപെട്ടത്​. തുടർന്ന്​ റോഡിന്‍റെ നടുവിൽകയറിനിന്ന് ഇരുവശത്തുനിന്നും വന്ന വാഹനങ്ങൾ തടഞ്ഞുനിർത്തിയശേഷം മറ്റുള്ളവരുമായിചേർന്ന് കടത്തിണ്ണയിലേക്ക് മാറ്റി. അപകടസ്ഥലത്തുനിന്ന്​ ലഭിച്ച യുവതിയുടെ ഫോൺ ഉപയോഗിച്ച് ഭർത്താവിനെ വിവരമറിയിച്ചു. നാലുപറയിൽ ഹക്കീം, കൊച്ചെഴത്ത് ഹക്കിം എന്നിവർ ചേർന്ന് ഓട്ടോയിൽ പരുമലയിലെയും പിന്നീട് തിരുവല്ലയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച്​ ഇട്ടിച്ചിട്ട്പോയ ലോറിയുടെ വിവരങ്ങൾ ശേഖരിക്കാൻ നടപടിയാരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.