കായലിൽ വീണ യുവാവിനെ മൂവർസംഘം രക്ഷിച്ചു

അരൂർ: അരൂർ-കുമ്പളം പാലത്തിൽനിന്നും കായലിൽ വീണ യുവാവിനെ മൂന്നുയുവാക്കൾ ചേർന്ന്​ രക്ഷിച്ചു. കുമ്പളം സ്വദേശിയായ ഹരിലാലിനെയാണ്​ (40) രക്ഷപ്പെടുത്തിയത്​. ബുധനാഴ്ച രാത്രി എട്ടിനാണ്​ സംഭവം. ഡി.വൈ.എഫ്.ഐ അരൂർ ബൈപാസ് യൂനിറ്റ് പ്രവർത്തകരായ പി.ആർ. പ്രജീഷ് , പി.എസ്.സനോജ്, നിതിൻ പീറ്റർ എന്നിവർ ചേർന്നാണ് സാഹസികമായി ഹരിലാലിനെ കായലിൽനിന്ന് കരക്ക്​ കയറ്റിയത്. പിന്നീട്​ അരൂർ പഞ്ചായത്തിലെ ആംബുലൻസ് വരുത്തി കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അരൂർ- കുമ്പളം പാലത്തിന്‍റെ അരൂർ കരയിലെ പ്രജീഷിന്‍റെ വീട്ടിൽ ഡി.വൈ.എഫ്.ഐ യൂനിറ്റ് കമ്മിറ്റി കൂടുന്നതിനിടയിലാണ് ഹരിലാൽ കായലിലേക്ക് വീഴുന്നത് കണ്ടത്​. കായലിലേക്ക്​ ആദ്യം ചാടിയത്​ പ്രജീഷ് ആണ്​. പിന്നാലെ മറ്റുള്ളവരും. നല്ല അടിയൊഴുക്കുള്ളതിനാൽ മൂവരും സാഹസികമായിട്ടാണ്​ ഹരിലാലിനെ കരയിൽ എത്തിച്ചത്. വർഷങ്ങൾക്ക്​ മുമ്പ് എറണാകുളത്തുനിന്ന് ഇതര സംസ്ഥാന തൊഴിലാളികളുമായി വന്ന ജീപ്പ് കായലിലേക്ക് വീണുണ്ടായ അപകടത്തിൽ പെട്ട നാലുപേരെ പ്രജീഷും പിതൃസഹോദരനും ചേർന്ന് കരക്ക്​ എത്തിച്ചിരുന്നു. അതിൽ ഒരാളെ മാത്രമേ ജീവനോടെ രക്ഷിക്കാനായുള്ളൂ. ചിത്രം: കായലിൽ വീണ യുവാവിനെ രക്ഷപ്പെടുത്തിയ പ്രജീഷ്,സനോജ്, നിതിൻ പീറ്റർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.