കായംകുളം: ഓണാട്ടുകര മാരക മയക്കുമരുന്നുകളുടെ ഹബായി മാറിയിട്ടും അധികൃതർക്ക് കുലുക്കമില്ല. ലഹരിയുടെ ഉന്മാദവുമായി കൗമാരക്കാർ അഴിഞ്ഞാടുമ്പോൾ രക്ഷാകർത്താക്കൾക്കും നിസ്സംഗഭാവം. സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട എം.ഡി.എം.എ അടക്കമുള്ളവ വൻതോതിൽ എത്തുന്നതായി വിവരം കിട്ടിയിട്ടും ചെറുമീനുകൾ മാത്രമാണ് വലയിലാകുന്നത്. മുംബൈ, ഗോവ എന്നിവിടങ്ങളിൽനിന്നാണ് വൻതോതിൽ ഇവ എത്തുന്നത്. അന്തർസംസ്ഥാന ബസുകളിൽ സ്ത്രീകളെ മറയാക്കിയുള്ള മയക്കുമരുന്ന് കടത്ത് സജീവമാണെന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം നവദമ്പതികൾ പിടിയിലായതോടെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജിമായി. ഒരാഴ്ചക്കുള്ളിൽ നാലുപേരാണ് മേഖലയിൽ എം.ഡി.എം.എയുമായി കസ്റ്റഡിയിലായത്. ലഹരി സ്റ്റാമ്പുകളും ഇവരിൽനിന്ന് കണ്ടെടുത്തു. ബംഗളൂരുവിൽനിന്ന് കായംകുളത്തേക്ക് എം.ഡി.എം.എയുമായി എത്തിയ കണ്ണമ്പള്ളി ഭാഗം ചാലിൽ വടക്കതിൽ അനീഷ് (24), ഭാര്യ ആര്യ (19) എന്നിവർ പിടിയിലായതോടെ ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള വിൽപന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്ലസ് ടു കഴിഞ്ഞ ആര്യയെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കഴിഞ്ഞാഴ്ചയാണ് അനീഷ് വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം കഴിച്ചത്. ബംഗളൂരുവിന് ഹണിമൂൺ ട്രിപ് പോയവരാണ് ലഹരി കച്ചവടവഴിയിൽ പിടിയിലാകുന്നത്. ഇരുവരുടെയും ശരീരഭാഗങ്ങളിൽ ഒളിപ്പിച്ച മയക്കുമരുന്ന് വിശദ പരിശോധനയിലൂടെയാണ് കണ്ടെടുത്തത്. ആര്യ പെൺകുട്ടികളെ കേന്ദ്രീകരിച്ച വിൽപനയുടെ കാരിയറായി പ്രവർത്തിച്ചിരുന്നതായ സംശയം ഉയരുന്നുണ്ട്. സ്കൂൾ പരിസരങ്ങളായിരുന്നു പ്രധാന കച്ചവട കേന്ദ്രമത്രേ. വാഹന പരിശോധനക്കിടെ കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് മുനീർ, കായംകുളം കീരിക്കാട് കണ്ണമ്പള്ളിഭാഗം തുളീനയ്യത്ത് സക്കീർ എന്നിവർ കഴിഞ്ഞാഴ്ച എം.ഡി.എം.എയുമായി പിടിയിലായിരുന്നു. കാമ്പസുകളുടെ പരിസരങ്ങൾ കഞ്ചാവ് ലോബിയുടെ പിടിയിലമർന്നിട്ടും വിഷയത്തിൽ ഗൗരവത്തോടെയുള്ള ഇടപെടലുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കഞ്ചാവ് വിൽപനക്കിടെ പിടിയിലാകുന്നവരിൽ കൂടുതലും 21 വയസ്സിന് താഴെയുള്ളവരാണ്. ചെറുകിട കച്ചവടക്കാർ പിടിയിലാകുന്നുവെങ്കിലും പ്രധാന കച്ചവടക്കാരിൽ ഒരാളെയും ഇതുവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ക്വട്ടേഷൻ മാഫിയയും ഗുണ്ടാപ്പടയുമാണ് കഞ്ചാവ് കച്ചവടവുമായി രംഗത്തിറങ്ങുന്നത്. കുറഞ്ഞ അളവിലുള്ള കഞ്ചാവുമായാണ് മിക്കവരും പിടിക്കപ്പെടുന്നത്. ഇത് കേസിനും തുടർനടപടികൾക്കും തടസ്സം സൃഷ്ടിക്കുന്നതായി പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ജാമ്യം കിട്ടുമെന്നതാണ് അളവ് കുറച്ച് സൂക്ഷിക്കാൻ കാരണം. എന്നാൽ, ഇത്രയും പേർ പിടിയിലായിട്ടും കഞ്ചാവ് വരവിന്‍റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് പൊലീസിന്‍റെയും എക്സൈസിന്‍റെയും നിസ്സഹായാവസ്ഥയാണ് ചൂണ്ടിക്കാട്ടുന്നത്. പ്ലസ് ടുക്കാരായ വിദ്യാർഥികളെയാണ് കഞ്ചാവ് ലോബി പ്രധാനമായും വലയിലാക്കുന്നത്. ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കി നൽകിയാണ് ഇവരെ കൂടെക്കൂട്ടുന്നത്. പിന്നീട് ഭീഷണിപ്പെടുത്തിയും ഭയം മുതലെടുത്തുമാണ് കൂടുതൽ പേരെ കഞ്ചാവിന് അടിമകളാക്കുന്നത്. നഗരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തെ കായലോരം കഞ്ചാവ് വിൽപനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും താവളമായി മാറിയിട്ടുണ്ട്. രക്ഷാകർത്തക്കളും അധ്യാപക സമൂഹവും കൂടുതൽ ജാഗ്രത പാലിച്ചാൽ മാത്രമേ കഞ്ചാവ് ലോബിയെ നിയന്ത്രിക്കാൻ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.