നെല്ല് വെള്ളത്തിൽ; കൊയ്യാനാകാതെ വിളവെടുപ്പ് ഉപേക്ഷിച്ച് കർഷകർ

ഹരിപ്പാട്: ദിവസങ്ങളോളം തുടർന്ന കനത്ത മഴ സങ്കടത്തിലും ദുരിതത്തിലുമാക്കിയത് നിരവധി കർഷകരെ. വിളവെടുപ്പിന് പാകമായ നെല്ലുകൾ കൊയ്യാനാകാതെ ഉപേക്ഷിക്കേണ്ടി വന്ന കർഷകർക്ക് സങ്കടം അടക്കാനാകുന്നില്ല. വീയപുരം കൃഷിഭവന്‍റെ പരിധിയിൽ വരുന്ന പോട്ട കളക്കാട് പാടത്തിലെ 190ൽ 130 ഏക്കർ മാത്രമാണ് കൊയ്തെടുക്കാനായത്. കനത്ത മഴയിൽ പാടത്ത് വെള്ളം നിറഞ്ഞതോടെ യന്ത്രം ഉപയോഗിച്ചുള്ള കൊയ്ത്ത് സാധ്യമല്ലാതായി. കൊയ്ത്ത് യന്ത്രങ്ങൾ പാടത്ത് താഴ്ന്ന് പോകുന്ന അവസ്ഥ വന്നതോടെ കൊയ്ത്ത് ഉപേക്ഷിക്കുകയല്ലാതെ മറ്റ് മാർഗമില്ലാതായി. പാവപ്പെട്ട കർഷകരുടേതായിരുന്നു കൊയ്യാൻ കഴിയാതെ പോയ പാടങ്ങളിൽ ഏറെയും. വായ്പയെടുത്തും കടം വാങ്ങിയും നടത്തിയ കൃഷിക്കുണ്ടായ അപ്രതീക്ഷിത നഷ്ടം താങ്ങാനാകാതെ വിഷമിക്കുകയാണിവർ. ഏക്കറിന് 35,000 രൂപ വരെ ചെലവഴിച്ചാണ് കൃഷിയിറക്കിയതെന്ന് കർഷകനായ ബാലകൃഷ്ണൻ പറഞ്ഞു. അഞ്ചര ഏക്കറിലെ കൃഷിയാണ് ഉപേക്ഷിച്ചത്. ഏക്കറിന് 30 ക്വിന്‍റൽ നെല്ല് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ചെറുതന മടയനാരി പാടശേഖരത്തിൽ കൃഷിചെയ്ത ചെറുതന രണ്ടാം വാർഡിൽ തൈപ്പറമ്പിൽ ടി.വി. എബ്രഹാമിനും അഞ്ചേക്കറിലെ നെൽകൃഷി ഉപേക്ഷിക്കേണ്ടി വന്നു. ചെറുതന കൃഷിഭവൻ പരിധിയിലെ 60 ഏക്കർ വ്യാപ്തിയുള്ള മടയനാരി പാടശേഖരത്തിലെ അഞ്ചേക്കറിൽ ഇറക്കിയ കൃഷിയാണ് 150 ദിവസം പിന്നിടുമ്പോഴും കൊയ്ത്തുനടത്താൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നത്. സമയബന്ധിതമായി കൊയ്ത്തുമെതി യന്ത്രം ലഭ്യമാകാതിരുന്നതും യന്ത്രം ലഭിച്ച് സമീപത്തെ വിള കൊയ്തെടുത്തു വന്നപ്പോഴേക്കും ശക്തമായ മഴ അനുഭവപ്പെട്ടതും കിഴക്കൻ വെള്ളം ഒഴുകിയെത്തിയതോടെ ഉറവജലം പാടത്ത് നിറഞ്ഞതുമാണ് യന്ത്രം ഇറക്കാൻ കഴിയാതെ കൃഷി ഉപേക്ഷിക്കേണ്ട ഗതികേടിലേക്ക് എത്തിച്ചേർന്നതെന്ന് കർഷകൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.