അപകടം വളവുതിരിയുന്ന 'ആശാൻ കലുങ്ക്'

ചാരുംമൂട്‌: കായംകുളം-പുനലൂര്‍ റോഡില്‍ യാത്രക്കാര്‍ വാഹനങ്ങള്‍ക്കും ഭീഷണിയായി നൂറനാട് ആശാൻ കലുങ്ക് അപകടവളവ്​. കഴിഞ്ഞ ദിവസം കാർ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞെങ്കിലും വാഹനത്തിൽ ഉണ്ടായിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കെ.പി റോഡില്‍ കായംകുളത്തിനും അടൂരിനുമിടയിലെ ഏറ്റവും വലിയ വളവാണ് നൂറനാട് ആശാന്‍ കലുങ്കിലേത്​. ഒരുവർഷത്തിനിടെ നിരവധി അപകടങ്ങളിൽ അനവധി ജീവനുകളാണ്​ പൊലിഞ്ഞത്​. മരണത്തിനും ജീവിതത്തിനുമിടയിൽ ഒട്ടേറെപ്പേർ ഇപ്പോഴും ചികിത്സയിലാണ്. നൂറനാട് സി.ബി.എം എച്ച്.എസ്.എസ് മുതല്‍ കലുങ്ക് വരെയുള്ള ഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങൾ. ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് റോഡിലെ കൊടും വളവ് കാരണം പരസ്പരം കാണാനാകാത്തതാണ്​ കാരണം. ഇതിനൊപ്പം അമിതവേഗവും അപകടത്തിന് കാരണമാകുന്നു. ഏറ്റവുമധികം അപകടങ്ങൾ ഉണ്ടാകുന്നത് രാത്രിയിലാണ്​. തെരുവുവിളക്കുകളും അപകടസൂചന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. സംസ്ഥാന പാതയുടെ നവീകരണം പൂര്‍ത്തിയായതോടെ വാഹനങ്ങൾ അമിതവേഗത്തിലാണ്​ വരുന്നത്​. അടൂർ ഭാഗങ്ങളിൽനിന്ന്​ മണ്ണ് കയറ്റിവരുന്ന ലോറികൾ കാൽനടക്കാർക്കുപോലും ഭീഷണിയാണ്. റോഡിലെ കൊടും വളവ് നിവർത്തി റോഡപകടങ്ങൾ ഇല്ലാതാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുമ്പ് അപകടമുണ്ടായപ്പോൾ മന്ത്രി പി. പ്രസാദും എം.എസ്. അരുൺകുമാർ എം.എൽ.എയും പൊതുമരാമത്ത് ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദർശിച്ച് വളവ് അപകടരഹിതമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തെങ്കിലും നടപ്പായില്ല. APL accident ashan kalunk നൂറനാട് ആശാൻ കലുങ്കിലെ വളവിൽ കഴിഞ്ഞദിവസം അപകടത്തിൽ മറിഞ്ഞ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.