കാക്കത്തുരുത്തിലേക്ക്​ പാലം: ഈ തൂണുകളിൽ എന്ന്​ തീരും പാലം

അരൂർ: കാക്കത്തുരുത്തുകാർക്ക് പുത്തൻ പ്രഖ്യാപനങ്ങളിൽ പ്രതീക്ഷയില്ല. ദ്വീപിലേക്കുള്ള പാലത്തിനായുള്ള കാത്തിരിപ്പിൽ മടുത്തു. എഴുപുന്ന പഞ്ചായത്തിലെ കായൽ ദ്വീപാണ് കാക്കത്തുരുത്ത്.​ ഇവിടുത്തുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് തുരുത്തിലേക്കുള്ള പാലം. 13വർഷങ്ങൾക്ക്​ മുമ്പാണ്​ നിർമിക്കാനായി കല്ലിടൽ നടത്തിയത്​. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന കാർട്ടബിൾ പാലമായിരുന്നു പദ്ധതി. കരാറുകാരനെ നിർമാണം ഏൽപിച്ചു. പണിയും തുടങ്ങി പാലത്തി‍ൻെറ കാലുകൾ കായലിൽ താഴ്ത്തി. അപ്രോച്ച് റോഡിന് സ്ഥലം എടുക്കാനുള്ള നടപടികളിലേക്ക് നീങ്ങിയപ്പോൾ തടസ്സങ്ങൾ ഉയർന്നു. സ്ഥലമുടമ കോടതി കയറിയതോടെ പാലംപണി നിലച്ചു. കായലിൽ തൂണുകൾ ബാക്കിയാക്കി കരാറുകാരൻ മടങ്ങി. ദ്വീപ് നിവാസികൾ തങ്ങളുടെ പാലത്തിന് എതിരായി നിന്നവർക്കെതിരെ പ്രതിഷേധിച്ചു. രാഷ്ട്രീയപാർട്ടി നേതാക്കളുടെ ഒത്താശയും ഉണ്ടായിരുന്നു. എന്നാൽ, പല പ്രതിഷേധങ്ങൾക്കെതിരെയും നിയമനടപടികളുണ്ടായി. കിഫ്‌ബി വഴി 40കോടി മുടക്കി 10.30മീറ്റർ വീതിയിൽ അതേസ്ഥാനത്ത്​ വേറെ പാലംപണി നടത്താൻ തീരുമാനിച്ചു. കായലിൽ നിലനിൽക്കുന്ന പഴയ തൂണുകൾ ഊരിമാറ്റി വീണ്ടും വേറെ പൈലിങ്​ നടത്തിയാണ് പുതിയപാലം വരുന്നത്. അപ്രോച്ച്​ റോഡിനും നിലവിലെ റോഡ് വീതികൂട്ടുന്നതിനുമായി സ്ഥലം എടുക്കാൻവേണ്ടി സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പൊതുമരാമത്ത് വകുപ്പി‍ൻെറ മഞ്ഞക്കുറ്റികളും സ്ഥാപിച്ചു. എന്നാൽ, അമിതാവേശം തുരുത്ത് നിവാസികളിൽ കാണുന്നില്ല. ഈ പദ്ധതിയെങ്കിലും നടപ്പാകണമെന്ന ആഗ്രഹം മാത്രമാണുള്ളത്​. ചിത്രം: കാക്കത്തുരുത്തിലേക്ക് പാലം പണിയാൻവേണ്ടി വർഷങ്ങൾക്ക് മുമ്പ് കായലിൽ നിർമിച്ച തൂണുകൾ പുതിയ പാലത്തി‍ൻെറ അപ്രോച്ച് റോഡിനുവേണ്ടി പൊതുമരാമത്ത് എരമല്ലൂരിൽ ഇട്ട മഞ്ഞക്കുറ്റികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.