വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി കണ്ടെത്തി

മാന്നാർ: വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ ലോറി ഒന്നര ആഴ്ചക്കുശേഷം പൊലീസ് കണ്ടെത്തി. തിരുവല്ല -കായംകുളം സംസ്ഥാനപാതയിൽ മേയ്​ എട്ടിന്​ രാവിലെ 5.30ഓടെ മാന്നാർ പരുമല ജങ്ഷനു വടക്കുവെച്ചാണ് റാന്നി ഇടമൺ സ്വദേശി നടേശനെ ലോറിയിടിച്ചിട്ടത്. ഗുരുതര പരിക്കേറ്റ് രണ്ട് മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്ന നടേശനെ ആംബുലൻസിലാണ്​ ആശുപത്രിയിൽ എത്തിച്ചത്. നടേശൻ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പൊലീസ് സി.സി ടി.വി പരിശോധിച്ചാണ്​ ഇടിച്ചത്​ ലോറിയാണെന്ന് മനസ്സിലായത്. വാഹനത്തിന്റെ നമ്പർ കിട്ടിയില്ല. വാഹനം കടന്നുപോയ ദിശ മനസ്സിലാക്കി മറ്റിടങ്ങളിലും അന്വേഷിച്ചതോ​ടെ കോട്ടയം ജില്ല പൊലീസ് കൺട്രോൾ റൂമിന്റെ നിയന്ത്രണത്തിൽ എം.സി റോഡിൽ ളായിക്കാട് ഭാഗത്തെ കാമറയിൽനിന്നാണ് നമ്പർ ലഭിച്ചത്. തിരുവനന്തപുരം പാറശ്ശാലയിലെ ഒരു കമ്പനിയിലെ വാഹനമാണെന്നും ഉടൻ കസ്റ്റഡിയിൽ എടുക്കുമെന്നും പൊലീസ് പറഞ്ഞു. മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി. സുരേഷ് കുമാർ, എസ്.ഐ ഹരോൾഡ് ജോർജ്, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖ്​ ഉൽ അക്ബർ, ഹാഷിം, അനീഷ്‌, സാജിദ് എന്നിവരടങ്ങുന്ന സംഘമാണ് വാഹനം കണ്ടെത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.