മഴ തുടരുന്നു; കുട്ടനാട്ടിൽ മുന്നറിയിപ്പ് ​നില കടന്ന്​ ജലനിരപ്പ്

ചേർത്തല ഒറ്റമശ്ശേരിയിൽ കടലേറ്റം രൂക്ഷം * വലിയഴീക്കലിൽ ഗതാഗതം തടസ്സപ്പെട്ടു ആലപ്പുഴ: മഴ ഏറിയും കുറഞ്ഞും തുടരവെ കുട്ടനാട്​ മേഖലയിൽ ജലനിരപ്പ്​ ഉയരുന്നു. കിഴക്കൻ വെള്ളത്തിന്‍റെ വരവ്​ ശക്തി പ്രാപിച്ചതും കുട്ടനാട്ടിൽ ജലനിരപ്പ്​ മുന്നറിയിപ്പ്​ നിലക്ക്​ മുകളിൽ വെള്ളമെത്താൻ കാരണമായിട്ടുണ്ട്​. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിൽ പള്ളാത്തുരുത്തിയിലും നെടുമുടിയിലും നടത്തിയ പരിശോധനയിലാണ്​ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നതായി കണ്ടെത്തിയത്​. നെടുമുടിയിൽ 1.61 മീറ്ററും പള്ളാത്തുരുത്തിയിൽ 1.47 മീറ്ററുമായിരുന്നു വ്യാഴാഴ്ച വൈകീട്ടത്തെ ജലനിരപ്പ്. നെടുമുടിയിൽ 1.45 മീറ്ററും പള്ളാത്തുരുത്തിയിൽ 1.40 മീറ്ററുമാണ് അപകടനില. നെടുമുടിയിൽ 1.10 മീറ്ററും പള്ളാത്തുരുത്തിയിൽ 1.05 മീറ്ററുമാണു മുന്നറിയിപ്പ്​ ലെവൽ. മഴ തുടരുമെങ്കിലും കനത്ത മഴക്ക്​ സാധ്യതയില്ലെന്ന കാലാവസ്ഥ വകുപ്പിന്‍റെ നിരീക്ഷണമാണ്​ ആശ്വാസം. ശനിയാഴ്ചയും ഞായറാഴ്ചയും 64.5 മുതൽ 115.5 മില്ലീമീറ്റർ മഴ ലഭിച്ചേക്കുമെന്നും പ്രവചനമുണ്ട്​. ഈ ദിവസങ്ങളിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽവേയുടെ രണ്ട്​ ഷട്ടർ കൂടി ഉയർത്തിയതോടെ 40 ഷട്ടറിൽ 37ഉം തുറന്ന നിലയിലായിണ്​. ഷട്ടറുകൾ പരമാവധി മുകളിലേക്ക് ഉയർത്തി നിർത്താനാണ് നിർദേശം. എന്നാൽ, സ്പിൽവേ കനാലിൽ വേണ്ടത്ര വെള്ളം എത്തിയിട്ടില്ലെന്ന് ജലവിഭവ വകുപ്പ് മെക്കാനിക്കൽ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, പുതിയ ഷട്ടർ സ്ഥാപിക്കാനുള്ള തീരുമാനം അനിശ്ചിതമായി നീളുകയാണ്. മെക്കാനിക്കൽ വിഭാഗം നൽകിയ എസ്റ്റിമേറ്റ് സർക്കാർ അംഗീകരിച്ചി‌ട്ടില്ല. അന്ധകാരനഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ നീക്കാത്തത്​ ഭീഷണിയാണ്​. വയലാർ, പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ തോടുകളിലൂടെ ഒഴുകിയെത്തുന്ന പെയ്ത്തുവെള്ളം പൊഴിച്ചാലിലൂടെ അന്ധകാരനഴി സ്പിൽവേയിലെത്തിയാണ് കടലിലേക്ക് ഒഴുകുന്നത്. ചേർത്തല ഒറ്റമശ്ശേരിയിൽ കടലേറ്റം രൂക്ഷമാണ്. ഇതുവരെ 30 മീറ്ററോളം ഭാഗം കടലെടുത്തു. കടലേറ്റം തടയാൻ കഴിഞ്ഞമാസം തീരവാസികൾ സ്ഥാപിച്ച ജിയോ ബാഗുകളും പ്ലാസ്റ്റിക് ചാക്കുകളിലെ മണലും കടലെടുത്തു. കടൽവെള്ളം തീരദേശ റോഡിലേക്ക് വരെ എത്തി. വീടുകളുടെ മുറ്റത്തും ശുചിമുറികളിലേക്കും വെള്ളം കയറി. ഇവിടെ കടൽഭിത്തി ഇല്ലാത്ത ഒരു കിലോമീറ്ററോളം ഭാഗത്താണ് കടലേറ്റമുള്ളത്. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറും തുറന്നിട്ടിരിക്കുകയാണ്. വേലിയിറക്ക സമയത്ത് ബണ്ടിന്റെ വടക്ക് ഭാഗത്തേക്ക് ശക്തമായ ഒഴുക്കുണ്ട്. കടൽകയറി തീരദേശ റോഡിൽ മണ്ണ് അടിഞ്ഞതോടെ വലിയഴീക്കലിൽ ഗതാഗത തടസ്സം. പെരുമ്പള്ളി മുതൽ വലിയഴീക്കൽ വരെ മേഖലയിൽ കടലേറ്റം പ്രതിരോധിക്കാൻ നടപടിയില്ലെന്ന് ആരോപണമുണ്ട്. പാലവും ലൈറ്റ്ഹൗസും പണികഴിപ്പിച്ചപ്പോൾ വലിയഴീക്കലിന്റെ സംരക്ഷണം കൂടി നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. നാട്ടുകാർ മുൻകൈയെടുത്താണ് റോഡിലെ മണ്ണ് നീക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.