ആലപ്പുഴ: കാലംതെറ്റി മഴക്കാലം എത്തിയിരിക്കെ മുന്നൊരുക്കം എങ്ങുമെത്തിയില്ല. വെള്ളം വെല്ലുവിളിയാകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സ്ഥിതി കാര്യമായി മെച്ചപ്പെടാത്ത നിലനിൽക്കുന്നു. മഴ സൂചനകൾ മുമ്പേ ഉണ്ടായിരുന്നിട്ടും പ്രളയ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ ജില്ലതല യോഗം 19നാണ് വിളിച്ചിട്ടുള്ളത്. അതേസമയം, പ്രതിരോധ നടപടികൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കെല്ലാം നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും പുരോഗതി യോഗത്തിൽ ചർച്ച ചെയ്യുമെന്നും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം പറയുന്നു. വിവിധ സ്ഥലങ്ങളിലെ ഡ്രഡ്ജിങ്ങും ചളിനീക്കലും സംബന്ധിച്ച് മേജർ ഇറിഗേഷൻ വിഭാഗത്തിൻെറ റിപ്പോർട്ട് ജില്ല അധികൃതർ ചോദിച്ചിട്ടുണ്ട്. ഇതും ചർച്ച ചെയ്യും. മന്ത്രി പി. പ്രസാദ് ഓൺലൈനായി പങ്കെടുക്കും. തോടുകളിലെയും മറ്റും ചളിനീക്കുന്ന ജോലികൾ പ്രാദേശികമായി ചെയ്യണമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളോട് നിർദേശിച്ചിട്ടുണ്ട്. ഇതിന് തനതു ഫണ്ട് ഉപയോഗിക്കണം. നഗരസഭ പ്രദേശങ്ങളിലെ വെള്ളക്കെട്ട് നീക്കാൻ അതത് വകുപ്പുകളുടെ ഫണ്ട് ഉപയോഗിക്കണം. പണം തികയാതെ വന്നാൽ സർക്കാർ ചെറിയ സഹായം നൽകുന്നതിനും നടപടിയുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഫിഷറീസ് വള്ളങ്ങൾ ക്രമീകരിച്ചു. അഗ്നിരക്ഷാ സേനയും സജ്ജമാണ്. മാരാരിക്കുളത്തെയും ചെറുതനയിലെയും സൈക്ലോൺ ഷെൽട്ടറുകളിലെ സൗകര്യങ്ങൾ വിലയിരുത്തിയതായും അധികൃതർ പറയുന്നു. തണ്ണീർമുക്കം ബണ്ടിൽ ഷട്ടർ ഉയർത്തുന്ന ജോലികൾ തുടരുന്നു. കഴിഞ്ഞ ദിവസം 30 ഷട്ടറുകൾ തുറന്നു. അവശേഷിക്കുന്ന ഷട്ടറുകളും തുറക്കും. ഒന്നുമുതൽ മൂന്നുവരെ ഘട്ടങ്ങളിൽ ആകെ 90 ഷട്ടറുകളാണ് ഉള്ളത്. കുട്ടനാടൻ പ്രദേശങ്ങളിൽ വേനൽമഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതാണ് ഷട്ടറുകൾ തുറക്കാൻ കാരണം. 15ന് ശേഷം തുറക്കാനായിരുന്നു നേരത്തേ തീരുമാനം. ഷട്ടറുകൾ തുറന്നതോടെ വേമ്പനാട്ടുകായലിൽ ബണ്ടിന്റെ തെക്കൻ പ്രദേശങ്ങളിലേക്ക് കൂടുതൽ വെള്ളം ഒഴുകിയെത്തുന്നുണ്ട്. മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കണക്കിലെടുത്ത് തോട്ടപ്പള്ളി സ്പിൽവേയുടെ 40 ഷട്ടറുകളിൽ 20 എണ്ണം ഉയർത്തി. ചെറുതനയിൽ ഡ്രഡ്ജിങ് തുടങ്ങിയിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലേക്കുള്ള ലീഡിങ് ചാനലിൽനിന്ന് മണ്ണും ചളിയും നീക്കുന്നതിന് ഡ്രഡ്ജിങ് ചെറുതന പാണ്ടി പാലത്തിന് സമീപത്താണ് നടക്കുന്നത്. വീയപുരം മുതൽ തോട്ടപ്പള്ളിവരെ ഒഴുക്ക് സുഗമമാക്കുകയാണ് ലക്ഷ്യം. വീയപുരം മുതൽ തോട്ടപ്പള്ളിവരെ 11 കിലോമീറ്ററാണ് ഡ്രഡ്ജിങ് നടത്തേണ്ടത്. മഴയുടെ പശ്ചത്തലത്തിൽ എ.സി റോഡ് നവീകരണവും മുന്നൊരുക്കത്തോടെയാണ്. വെള്ളപ്പൊക്കകാലത്ത് സഹായമേകാൻ ചെങ്ങന്നൂർ അഗ്നിരക്ഷാസേനക്കുള്ളത് പഴയ ഡിങ്കിവള്ളമാണ്. കൂടുതൽ വള്ളങ്ങൾ ഉണ്ടെങ്കിലേ പ്രയോജനമുള്ളൂ. നദീതീരത്തോട് ചേർന്ന ഭാഗങ്ങളിലെ സ്ഥിതി നിരീക്ഷിക്കാൻ ബീറ്റ് ഓഫിസർമാർക്കും സിവിൽ ഡിഫൻസ് വളന്റിയർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ ഏറെ ദുരിതം അനുഭവിച്ച ചെങ്ങന്നൂർ മേഖലയിലെ തയാറെടുപ്പുകൾ ചർച്ച ചെയ്യാൻ ദുരന്തനിവാരണ വിഭാഗം യോഗം ചേരാനിരിക്കുന്നേയുള്ളു. വെള്ളം കയറാൻ സാധ്യതയുള്ള പാണ്ടനാട് പഞ്ചായത്തിലും അച്ചൻകോവിലാറിൻെറ തീരം ഉൾപ്പെടുന്ന വെണ്മണി, ചെറിയനാട് പഞ്ചായത്തുകളിലും ക്രമീകരണമുണ്ടാക്കാൻ നീക്കം തുടങ്ങി. ചെങ്ങന്നൂർ അങ്ങാടിക്കൽ കോലാമുക്കത്ത് പമ്പാനദിയോടു ചേർന്ന ഭാഗത്തുള്ള പുലിമുട്ടും ചിറയും സംരക്ഷിക്കാൻ കൽക്കെട്ട് നിർമാണം തുടങ്ങിയിട്ടുണ്ട്. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്ന് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണിത്. എ.സി കനാൽ ആഴംകൂട്ടലിന് ഇത്തവണയും നടപടിയില്ല. 2018ലെ പ്രളയകാലത്തെ അതേ അവസ്ഥയിൽ തുടരുകയാണ് കനാൽ. ഇതോടെ ഭീതിയിലാണ് കുട്ടനാട് ഇക്കുറിയും. ചേർത്തല മേഖലയിൽ ഒറ്റമശ്ശേരിയിൽ കടലേറ്റം തടയാൻ ഫലപ്രദമായ നടപടി ഇപ്പോഴുമില്ല. ഒഴുക്ക് സുഗമമാക്കാനുള്ള പണി അന്ധകാരനഴിയിൽ തുടങ്ങിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.