യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം; പ്രതികളെ റിമാൻഡ് ചെയ്തു

മാവേലിക്കര: യുവാവിനെ മാരകമായി വെട്ടിപ്പരിക്കേൽപിച്ചു രക്ഷപ്പെടുന്നതിനിടയിൽ അറസ്റ്റ്​ ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട മെഴുവേലി കിഴക്കേചരുവിൽ അജിരാജ് (36), ചിറ്റാർ ശ്രീകൃഷ്ണപുരം മുക്കർണത്ത് വീട്ടിൽ സന്തോഷ് (42) എന്നിവരെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടിയാർ ടി.എം. വർഗീസ് മെമ്മോറിയൽ ഹൈസ്കൂളിനു സമീപം പ്രവീൺ ഭവനിൽ സൂരജിനെ (25) വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ അജിരാജിന്റെ ഭാര്യ കുഞ്ഞുമായി സൂരജിനൊപ്പം പോയി താമസിക്കുന്നതാണ്​ ആക്രമണത്തിനു കാരണമായി പൊലീസ് പറയുന്നത്. ആക്രമണം നടത്തിയതിനു ശേഷം ഡ്രൈവറായ അജിരാജ് കൂട്ടാളി സന്തോഷുമൊത്ത് മുംബൈയിലേക്ക് പൈനാപ്പിൾ കൊണ്ടുപോകുന്ന ലോറിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നെത്തിയ കുറത്തികാട് ഇൻസ്പെക്ടർ നിസാമിന്റെ നേതൃത്വത്തിൽ മെഴുവേലിൽനിന്നാണ് ഇവരെ പിടികൂടിയത്. സബ് ഇൻസ്പെക്ടർ കെ. സുനുമോൻ, എ.എസ്.ഐ രാജീവ്, സീനിയർ സി.പി.ഒമാരായ ഗംഗാപ്രസാദ്, രഞ്ജിത്ത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.