എന്‍റെ കേരളം വിപണന മേള: മേളയിൽ താരമായി 'തഴപ്പായ'

ആലപ്പുഴ: എന്‍റെ കേരളം പ്രദർശന-വിപണന മേളയിലെ തഴപ്പായ സ്റ്റാളിൽ തിരക്കേറെ. മെത്തപ്പായ്, കൊച്ചുപായ, തഴപ്പായ കൂടാതെ തഴയിൽ നിർമിച്ച ബാഗുകളും മറ്റ് കൗതുകവസ്തുക്കൾക്കും പ്രിയമേറെയാണ്. അന്യംനിന്ന പരമ്പരാഗത ഉൽപന്നങ്ങൾ കാണാൻ കൊച്ചുകുട്ടികളടക്കം മുന്നിൽ കൂട്ടം കൂടും. കരുനാഗപ്പള്ളി തഴവയിൽ നിന്നാണ് തഴപ്പായ എത്തിച്ചത്. ഇവിടത്തെ സ്ത്രീകൾ നടത്തുന്ന സ്ത്രീശക്തി കൂട്ടായ്മയാണ് പായ നെയ്യുന്നത്​. തഴവ പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന കൈതകളിലെ തഴകൊണ്ടാണ് മെത്തപ്പായകൾ നെയ്യുന്നത്. തഴകൾ ശേഖരിച്ച് ഒരുക്കിയെടുത്ത് മൂന്ന് ദിവസം വെള്ളത്തിൽ പുഴുങ്ങി ഉണക്കിയെടുത്താണ് മെത്തപ്പായകൾ ഉണ്ടാക്കുന്നത്. ഒരു പായ പൂർത്തിയാക്കാൻ എട്ടു ദിവസമെങ്കിലും വേണ്ടിവരും. വിപണിയിൽ 2200 മുതൽ 2500 രൂപ വരെ വിലവരുന്ന മെത്തപ്പായക്ക് സ്റ്റാളിൽ 2000 രൂപയാണ് വില. സാധാരണ തഴപ്പായയും വിൽപനക്കുണ്ട്​. 500 മുതൽ 600 രൂപവരെ വിപണിയിൽ വിലവരുന്ന തഴപ്പായക്ക് സ്റ്റാളിൽ 400 രൂപക്ക് ലഭിക്കും. കുട്ടികൾക്കുള്ള ചെറിയ പായയും നമസ്​കാരപ്പായയും ലഭ്യമാണ്​. ചിത്രം: തഴവ സ്ത്രീശക്തി വനിത ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള വിപണനമേളയിലെ തഴപ്പായ സ്റ്റാള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.