വട്ടക്കായൽ സൗന്ദര്യവത്​കരണം; ഹൗസ്​ബോട്ട്​ ടെർമിനൽ ഡി.ടി.പി.സി ഏറ്റെടുക്കുന്നു

ആലപ്പുഴ: വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്നതും എന്നാൽ, അവഗണനയിലുമായ വട്ടക്കായൽ ഹൗസ്​ബോട്ട്​ ടെർമിനൽ ഏറ്റെടുക്കാൻ ​ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ഒരുങ്ങുന്നു. വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് ഇപ്പോൾ ഈ പ്രദേശമുള്ളത്​. നിലവിൽ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ഫ്ലോട്ടിങ് ജെട്ടി, മറീന (വള്ളം അടുപ്പിച്ചിടാനുള്ള സൗകര്യം) തുടങ്ങിയവുടെ നിർമാണപ്രവർത്തനങ്ങൾ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുകയാണ്. ഇവയുടെ നിർമാണം പൂർത്തിയാക്കിയ ശേഷമാവും ഡി.ടി.പി.സിക്ക്​ കൈമാറുക. അതുവരെ കാത്തിരിക്കാതെ ഹൗസ്​ബോട്ട്​ അടുപ്പിക്കാൻ കായലിലേക്ക്​ നീണ്ടുകിടക്കുന്ന റാംപ് ഡി.ടി.പി.സി നിയന്ത്രണത്തിൽ കൊണ്ടുവരാനാണ്​ നീക്കം. സാഹസിക വിനോദസഞ്ചാരത്തിനായും ഷൂട്ടിങ്ങിനായും റാംപ് സജ്ജമാക്കുകയാണ് ലക്ഷ്യം. നിലവിൽ കായൽസൗന്ദര്യം ആസ്വദിക്കാൻ കഴിയുമെങ്കിലും പ്രളയശേഷം കാടുകയറി നാശത്തിന്റെ വക്കിലാണ്. ടെർമിനലിൽ വിനോദസഞ്ചാരികളുടെ വിശ്രമത്തിനുള്ള സൗകര്യവും ഹൗസ്​ബോട്ടുകൾ ശുചീകരിക്കാനുമുള്ള സംവിധാനങ്ങളുമാണുള്ളത്. സിനിമ, വിവാഹ ഷൂട്ടുകൾക്കായും ഹൗസ്​ബോട്ട്​ യാത്രക്കാരും ഇവിടെയെത്തി സമയം ചെലവഴിക്കാറുണ്ട്. നിരവധി ഹട്ടുകളും കുട്ടികൾക്ക് കളിക്കാനുള്ള കളിയുപകരണങ്ങളുമെല്ലാമുണ്ടെങ്കിലും കാടുകയറിയതിനാൽ ഇഴജന്തുക്കളെയും മറ്റും ഭയന്നാണ് ആളുകൾ കടന്നുപോകുന്നത്. ഇവിടം സമൂഹികവിരുദ്ധരുടെ താവളമായും മാറിയതോടെ സംരക്ഷിക്കണമെന്ന ആവശ്യവുമായി പ്രദേശവാസികൾ മുന്നോട്ടുവന്നിരുന്നു. ചുരുങ്ങിയ മാസങ്ങൾക്കൊണ്ട് സ്ഥലം മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ. APL VATTAKKAYAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.