സീറ്റിൽ തർക്കം വേണ്ട, കോൺഗ്രസുമായുള്ള ബന്ധം നിലനിർത്തണം, പി.വി. അൻവറുമായും സി.പി.ഐയുമായും സഹകരിക്കാമെന്ന് ലീഗ് നേതൃയോഗങ്ങളിൽ ധാരണ

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എല്ലായിടത്തും യു.ഡി.എഫായിതന്നെ മത്സരിക്കണമെന്നും മുന്നണിസംവിധാനത്തിന് പുറത്തുള്ള മത്സരം ഒരു കാരണവശാലും ഉണ്ടാവരുതെന്നും മുസ്‍ലിംലീഗ് മേഖല നേതൃയോഗങ്ങളിൽ ധാരണ.

സീറ്റുവിഭജന ചർച്ചകളിൽ തർക്കം ഉയർന്നുവന്നാൽ വിട്ടുവീഴ്ച ചെയ്തും കോൺഗ്രസുമായുള്ള ബന്ധം നിലനിർത്തണം. ആവശ്യമെങ്കിൽ മുന്നണിക്ക് പുറത്തുള്ള കക്ഷികളുമായി പ്രാദേശിക നീക്കുപോക്കുകൾക്ക് തടസ്സമില്ല. ഒരു വാർഡിൽ പി.വി. അൻവറിന്റെ വോട്ട് നിർണായകമാണെങ്കിൽ അവരുമായി നീക്കുപോക്ക് നടത്താം. നിലമ്പൂർ നഗരസഭയിൽ അൻവറിനെ നിർബന്ധമായും സഹകരിപ്പിക്കണം. സി.പി.എമ്മുമായി സി.പി.ഐ ഇടഞ്ഞുനിൽക്കുന്ന പഞ്ചായത്തുകളിൽ അവരുമായി സീറ്റുധാരണക്ക് ശ്രമിക്കണമെന്നും നേതൃയോഗം തീരുമാനിച്ചു.

വ്യാഴാഴ്ച മലപ്പുറത്ത് ചേർന്ന മേഖല നേതൃയോഗം പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്‍ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, സലിം കുരുവമ്പലം, നൗഷാദ് മണ്ണിശ്ശേരി, അൻവർ മുള്ളമ്പാറ, താമരത്ത് ഉസ്മാൻ, കെ.ടി. അഷ്റഫ്, പി.എ. സലാം, കുന്നത്ത് മുഹമ്മദ്, അഡ്വ. എസ്. അബ്ദുസ്സലാം, പി.കെ.സി. അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

കൊണ്ടോട്ടി, മലപ്പുറം, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിലെ നേതൃതല യോഗമാണ് മലപ്പുറത്ത് ചേർന്നത്. നിയോജക മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ കമ്മിറ്റികളുടെ ഭാരവാഹികളാണ് നേതൃതല യോഗങ്ങളിൽ പങ്കെടുത്തത്. നിലമ്പൂർ, വണ്ടൂർ, ഏറനാട്, മഞ്ചേരി നിയോജക മണ്ഡലങ്ങളുടെ നേതൃയോഗം എടവണ്ണ പത്തപ്പിരിയത്തും ചേർന്നു. ഇതോടെ 16 നിയോജക മണ്ഡലങ്ങളുടെ നേതൃയോഗങ്ങളും സമാപിച്ചു.  

മൂന്ന് ടേം വ്യവസ്ഥയിലെ ഇളവ് ലീഗ് നേതൃയോഗങ്ങളിലെ നിർദേശങ്ങളുടെ വെളിച്ചത്തിൽ

മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിൽ മൂന്ന് ടേം പൂർത്തിയാക്കിയശേഷം മാറിനിന്നവർക്ക്‍ വീണ്ടും മത്സരിക്കാൻ മുസ്‍ലിം ലീഗ് അനുമതി നൽകിയത് പാർട്ടി നേതൃയോഗങ്ങളിൽ ഉയർന്ന നിർദേശങ്ങളുടെ വെളിച്ചത്തിൽ. സ്ഥാനാർഥിനിർണയത്തിന് മുന്നോടിയായി നാലു നിയോജകമണ്ഡലങ്ങളെ ഉൾപ്പെടുത്തി ലീഗിന്റെ മേഖലതല നേതൃയോഗങ്ങൾ നടന്നുവരുകയാണ്. ഈ യോഗങ്ങളിൽ ഉയർന്നുവന്ന നിർദേശങ്ങളുടെ വെളിച്ചത്തിലാണ് മൂന്ന് ടേം വ്യവസ്ഥയിൽ ഇളവ് വരുത്തിയത്.

തദ്ദേശഭരണ സ്ഥാപനങ്ങളിൽ മൂന്ന് ടേം പൂർത്തിയാക്കുകയും പിന്നീട് ഒരു തവണ മാറിനിൽക്കുകയും ചെയ്തവർക്ക് മേൽകമ്മിറ്റി ശിപാർശപ്രകാരം ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന ഭേദഗതിയാണ് മുസ്‍ലിംലീഗ് സംസ്ഥാന കമ്മിറ്റി കൊണ്ടുവന്നിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലാണ് മൂന്ന് ടേം പൂർത്തിയാക്കിയവർക്ക് മത്സരിക്കാൻ സീറ്റില്ലെന്ന തീരുമാനം (മൂന്ന് ടേം വ്യവസ്ഥ) മുസ്‍ലിം ലീഗ് നടപ്പാക്കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് പ്രഖ്യാപിച്ച ഈ തീരുമാനം മൂലം പുതിയ തലമുറയിൽപ്പെട്ട നിരവധി പേർക്ക് മത്സരിക്കാൻ അവസരം ലഭിച്ചിരുന്നു.

ഈ തീരുമാനം ലീഗിന്റെ യശസ്സ് വർധിപ്പിച്ചിരുന്നു. യുവജന പ്രാതിനിധ്യം ഉയർത്തുന്നതിനായി കൊണ്ടുവന്ന മൂന്ന് ​ടേം വ്യവസ്ഥയിൽ അയവ് വരുത്തിയതിൽ അതൃപ്തിയുള്ളവർ പാർട്ടിയിലും യൂത്ത് ലീഗിലുമുണ്ട്. എന്നാൽ, മൂന്ന് ടേം പൂർത്തിയാക്കിയ ചില പ്രധാന പ്രാദേശിക നേതാക്കൾ പാർട്ടിയിൽ പഴയപോലെ സജീവമല്ലാത്ത സാഹചര്യമുണ്ട്. ഇത് പാർട്ടിയെ ഒന്നാകെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന ആശങ്ക കീഴ്ഘടകങ്ങൾക്കുണ്ട്. ഇതാണ് മൂന്നു ടേം പൂർത്തിയാക്കിയവർക്ക് സീറ്റില്ലെന്ന മുൻ തീരുമാനത്തിൽ അയവുവരുത്താനുള്ള കാരണം.

മൂന്ന് ടേം വ്യവസ്ഥയിൽ കൊണ്ടുവന്ന ഭേദഗതി ആലോചിച്ചെടുത്ത തീരുമാനമാണെന്നും ഇതിൽ മാറ്റമില്ലെന്നും സംസ്ഥാന ജനറൽ സെ​ക്രട്ടറി പി.എം.എ. സലാം ആവർത്തിച്ചു. പ്രധാന നേതാക്കളുടെ സ്ഥാനാർഥിത്വം പാർട്ടിയുടെ വിജയത്തിന് അനിവാര്യമാണെങ്കിൽ അത്തരം നേതാക്കളെ വാർഡ്, പഞ്ചായത്ത്, നിയോജക മണ്ഡലം കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ മത്സരിപ്പിക്കാമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Competition outside the UDF system should not be allowed - Muslim League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.