കൊല്ലം; ഇടത് ആധിപത്യം കാക്കാൻ എൽ.ഡി.എഫ്, ഒത്തു പിടിച്ച് കോട്ട തകർക്കാൻ യു.ഡി.എഫ്

കൊല്ലം: ഇടത് ആധിപത്യം ഉലയാതെ കാക്കാൻ എൽ.ഡി.എഫ് കച്ചമുറുക്കുമ്പോൾ ഒത്തു പിടിച്ച് കോട്ട തകർക്കാമെന്ന ആത്മവിശ്വാസത്തിലാണ് കൊല്ലത്ത് യു.ഡി.എഫിന്‍റെ തേരോട്ടം. അപ്രതീക്ഷിത മുന്നേറ്റമാണ് ബി.ജെ.പി കണക്കുകൂട്ടൽ. 22.71 ലക്ഷം വോട്ടർമാർ 1698 ജനപ്രതിനിധികളെയാണ് തെരഞ്ഞെടുക്കേണ്ടത്.

കഴിഞ്ഞതവണ ജില്ല പഞ്ചായത്തും കോർപറേഷനും നാല് നഗരസഭകളിൽ മൂന്നെണ്ണവും 11 ബ്ലോക്കുകളിൽ പത്തും 67ൽ 43 ഗ്രാമപഞ്ചായത്തുകളും നേടിയ ഇടതിനെ തളക്കാനായി തങ്ങളുടെ തിളങ്ങുന്ന ഭൂതകാലവും പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ മുൻതൂക്കവും കൈമുതലാക്കിയാണ് യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തിലടക്കം ഒരുമുഴം മുമ്പേ കരുക്കളൊരുക്കിയത്. കൂടുതൽ പുതുമുഖങ്ങളെ നിരത്തി അതിനെ പ്രതിരോധിക്കാൻ ഇടതിനും കഴിഞ്ഞിട്ടുണ്ട്. രൂപീകരിച്ച കാലം മുതൽ ഇടതിന്‍റെ കൈയിലുള്ള കോർപറേഷൻ പിടിക്കുകയാണ് യു.ഡി.എഫിന്‍റെ പ്രഥമ പരിഗണന.

സ്ഥാനാർഥി നിർണയത്തിൽ മുൻകൈ നേടിയെങ്കിലും അവർക്ക് നാലിടത്ത് റിബലുണ്ട്. എൽ.ഡി.എഫിനുമുണ്ട് രണ്ടു റിബൽ. ഗ്രാമപഞ്ചായത്തുകളിൽ 11 വാർഡുകളിൽ യു.ഡി.എഫിനും ഒമ്പത് എണ്ണത്തിൽ ഇടതിനും വിമതരുണ്ട്. പാർട്ടി സെക്രട്ടറി എം.എ. ബേബിയുടെ നാടായ തൃക്കരുവയിലുമുണ്ട് വിമതൻ. കൊട്ടാരക്കരയിൽ കേരള കോൺഗ്രസ്-ബിക്ക് സി.പി.എമ്മാണ് റിബൽ. ജില്ല പഞ്ചായത്ത് പത്തനാപുരം ഡിവിഷനിൽ കോൺഗ്രസിനും കേരള കോൺഗ്രസ് ജോസഫിനും സ്ഥാനാർഥികളുണ്ട്. പരവൂർ നഗരസഭയിൽ കോൺഗ്രസും ലീഗും വെവ്വേറെയാണ് മൽസരം. ജില്ലയിലെ യു.ഡി.എഫിൽ തങ്ങളേക്കാൾ പരിഗണന ആർ.എസ്.പിക്ക് കിട്ടുന്നതിൽ ലീഗിന് പരിഭവമുണ്ട്.

പുനലൂർ നഗരസഭയിൽ 13 വാർഡുകളിൽ ബി.ജെ.പിക്ക് സ്ഥാനാർഥികളില്ല. കരുനാഗപള്ളിയിൽ സി.പി.എമ്മിലെ വിഭാഗീയതക്ക് താൽക്കാലിക പരിഹാരമായെങ്കിലും പരസ്പരമുള്ള അമർഷം അടിത്തട്ടിലുണ്ട്. പാർലമെന്‍റിൽ ശോഭ സുരേന്ദ്രൻ നേടിയ വോട്ട് ബലത്തിെന്റ പ്രതീക്ഷയിലാണ് ബി.ജെ.പി ഇവിടെ. കഴിഞ്ഞ തവണ രണ്ടാമതെത്തിയ കല്ലുവാതുക്കൽ ജില്ല പഞ്ചായത്ത് ഡിവിഷനിലും ബി.ജെ.പിക്ക് കണ്ണുണ്ട്. കൊറ്റങ്കര, പേരയം പഞ്ചായത്തുകളിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലാണ് മൽസരം. ഇവിടെ സി.പി.ഐയിൽ നിന്ന് കൂട്ടമായി രാജിവെച്ചവർ സി.പി.എമ്മിൽ ചേർന്നിരുന്നു. ജില്ല പഞ്ചായത്തിൽ ഇടതിൽ മൂന്നു വനിതകൾ ഒഴികെ എല്ലാം പുതുമുഖങ്ങളാണ്. മന്ത്രി ജി.ആർ.അനിലിന്‍റെ ഭാര്യയും മുൻ എം.എൽ.എയുമായ ലതദേവിയെ ജില്ല പഞ്ചായത്തിലേക്ക് സി.പി.ഐ മൽസരിപ്പിക്കുന്നത് പ്രസിഡന്‍റ് സ്ഥാനം വനിത സംവരണമായതിനാലാവണം.

Tags:    
News Summary - local body election kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.