കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ തെറ്റായ നയങ്ങൾക്കെതിരായ വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പ്- റ​സാ​ഖ്​ പാ​ലേ​രി

? തദ്ദേശ തെരഞ്ഞെടുപ്പിനെ എങ്ങനെ കാണുന്നു

ദേശീയ, സംസ്ഥാന രാഷ്ട്രീയത്തെക്കാൾ തീർത്തും പ്രാദേശികമായ വിഷയങ്ങളും പ്രശ്നങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാവുന്നത്. പ്രാദേശിക ഭരണകൂടം, സ്വയംഭരണ സ്ഥാപനം എന്നീ സങ്കൽപങ്ങളിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ വികസിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എന്ന പോരായ്മ നിലനിൽക്കുമ്പോൾതന്നെ ജനങ്ങളുടെ അടിസ്ഥാന ക്ഷേമ, വികസന മേഖലയിൽ വലിയ പങ്ക് തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും നിർവഹിക്കുന്നുണ്ട്. കൂടുതൽ അധികാരവും വികസന പ്രവർത്തനങ്ങൾക്കാവശ്യമായ ഫണ്ടും ലഭ്യമാക്കിയിരുന്നുവെങ്കിൽ തദ്ദേശ സ്ഥാപനങ്ങളിലൂടെ വമ്പിച്ച മാറ്റം നമുക്ക് കൊണ്ടുവരാൻ കഴിയുമായിരുന്നു.

ദൗർഭാഗ്യമെന്ന് പറയട്ടെ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അധികാരവും, ചെലവഴിക്കാനുള്ള പണവും വെട്ടിക്കുറക്കുകയും തിരിച്ചെടുക്കുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത്തരം തെറ്റായ സമീപനങ്ങൾക്കെതിരായ ജനങ്ങളുടെ വിധിയെഴുത്തായിക്കൂടി തെരഞ്ഞെടുപ്പ് മാറേണ്ടതുണ്ട്. ക്ഷേമ വാർഡ്, സാഹോദര്യ വാർഡ്, ഹാപ്പി വാർഡ്, ലഹരിമുക്ത വാർഡ്, അഴിമതിമുക്ത വികസനം, ജനപങ്കാളിത്തത്തോടെയുള്ള പുരോഗതി തുടങ്ങിയ പ്രധാനപ്പെട്ട കാഴ്ചപ്പാടുകൾ മുൻനിർത്തിയാണ് വെൽഫെയർ പാർട്ടി ഈ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

? വെൽഫെയർ പാർട്ടി ഇത്തവണ ഏതെങ്കിലും മുന്നണിയുമായി ധാരണയുണ്ടോ? സഖ്യത്തിൽ മത്സരിക്കുന്ന എത്ര വാർഡുകളുണ്ട്

വെൽഫെയർ പാർട്ടി രൂപവത്കരിച്ചതിന് ശേഷം നടന്ന ആദ്യ തദ്ദേശ തെരഞ്ഞെടുപ്പ് 2015ൽ ആയിരുന്നു. അന്നുമുതൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി സജീവമായി മത്സരിച്ചുപോരുന്നുണ്ട്. പാർട്ടി കേരളത്തിലെ ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമല്ല. സ്വന്തമായ രാഷ്ട്രീയവും നിലപാടുകളും ഉയർത്തിപ്പിടിച്ചാണ് മുന്നോട്ടുപോകുന്നത്. അതേസമയം പ്രാദേശികമായ സഹകരണ സാധ്യതകൾ ഉണ്ടായാൽ ബി.ജെ.പി ഒഴികെയുള്ള ഏത് മതനിരപേക്ഷ, ജനാധിപത്യ പാർട്ടികളുമായും അതാകാം എന്നതാണ് പാർട്ടിയുടെ നയം. ഏതെങ്കിലും മുന്നണിയുമായി സംസ്ഥാനതലത്തിൽ വെൽഫെയർ പാർട്ടി തെരഞ്ഞെടുപ്പ് ധാരണ രൂപപ്പെടുത്തിയിട്ടില്ല. എന്നാൽ പ്രാദേശിക ധാരണകളുണ്ട്

? വെൽഫെയർ പാർട്ടി യു.ഡി.എഫുമായി സഖ്യത്തിലാണെന്നും സി.പി.എം നേരത്തേ വെൽഫെയർ പാർട്ടിയുമായി എവിടെയും കൂട്ടുകൂടിയിട്ടില്ലെന്നും മുഖ്യമന്ത്രി പറയുന്നത് വസ്തുതയാണോ

പച്ചക്കള്ളമാണ് അദ്ദേഹം പറയുന്നത്. സംസ്ഥാനത്തെ ഉന്നത പദവിയിലിരിക്കുന്ന ഒരു വ്യക്തി സത്യവിരുദ്ധമായി സംസാരിക്കുന്നത് എത്ര മോശമായ സന്ദേശമാണ് നാടിന് നൽകുന്നത്. 2015ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 60ൽ അധികം തദ്ദേശ സ്ഥാപനങ്ങളിൽ വെൽഫെയർ പാർട്ടി ഇടതുപക്ഷവുമായി സഹകരിച്ച് മത്സരിച്ചിട്ടുണ്ട്. നിരവധി തദ്ദേശസ്ഥാപനങ്ങളിൽ ഒരുമിച്ച് ഭരണം പങ്കിട്ടിട്ടുണ്ട്. സംയുക്ത തെരഞ്ഞെടുപ്പ് കമ്മിറ്റികൾ രൂപവത്കരിച്ച് പ്രവർത്തിക്കുകയും വിജയാഹ്ലാദം ഒരുമിച്ച് നടത്തുകയും ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം 23 തദ്ദേശസ്ഥാപനങ്ങൾ ഈയിനത്തിൽ എണ്ണിപ്പറയാൻ സാധിക്കും. കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ ജില്ലകളിലും ഈ ധാരണ കാണാം. തെരഞ്ഞെടുപ്പ് ചരിത്രവും രേഖകളും ഇതെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ്.

? ഇത്തവണ പാർട്ടി നില മെച്ചപ്പെടുത്തുമോ

തീർച്ചയായും. എല്ലായിടത്തുനിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കഴിഞ്ഞ തവണ ജയിച്ച വാർഡുകളിൽ വാഗ്ദാനങ്ങൾ നടപ്പാക്കി ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ പാർട്ടിയുടെ ജനപ്രതിനിധികൾക്കായിട്ടുണ്ട്. ഫലം വരുമ്പോൾ ഉജ്ജ്വലമായ വിജയം കരസ്ഥമാക്കുമെന്ന കാര്യത്തിൽ സംശയമില്ല

Tags:    
News Summary - local body election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.