തിരുവനന്തപുരം : സംസ്ഥാന സർക്കാർ ഓണറേറിയം ഒരു രൂപ പോലും വർധിപ്പിക്കില്ല എന്ന തൊഴിലാളി ദ്രോഹ സമീപനം തുടരുമ്പോൾ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പഞ്ചായത്തുകൾ ഉൾപ്പടെയുള്ള തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ കഷ്ടപ്പെടുന്ന ആശാ വർക്കേഴ്‌സിനെ സഹായിക്കാൻ മുന്നോട്ട് വന്ന നടപടിയെ സ്വാഗതം ചെയ്ത്,അവരെ ആദരിക്കാൻ തയാറെടുക്കുയാണ് ആശാ സമര സമിതി.
ബജറ്റിൽ തുക വകയിരുത്തി ആശാ വർക്കർമാർക്ക് പ്രത്യേക അലവൻസ് നൽകുമെന്ന് പ്രഖ്യാപിച്ച തദ്ദേശ സ്ഥാപനങ്ങളെ ആദരിക്കൽ തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. സമരവേദിയിൽ സംഘടിപ്പിക്കുന്ന ചടങ്ങിലേക്ക് സംസ്ഥാനത്തെ മുപ്പതിലേറെ തദ്ദേശ സ്ഥാപനങ്ങളിലെ ഭാരവാഹികളെയാണ് ക്ഷണിച്ചിട്ടുളളത്. ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ പെരേര ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രതിസന്ധി ഘട്ടത്തിൽ ആശാ വർക്കേഴ്സിന് കൈത്താങ്ങായി മാറിയ തദ്ദേശ സ്ഥാപനങ്ങളോടുള്ള ഹൃദയംഗമമായ നന്ദി പ്രകാശനവും ആദരവുമായിരിക്കും നടക്കുക.
സർക്കാരിൻറെ വാർഷികാചരണത്തിൽ ആശമാരെ ആദരിക്കലല്ല, അവഹേളിക്കലാണ് സർക്കാർ ചെയ്യാൻ പോകുന്നതെന്ന് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു പറഞ്ഞു.സംസ്ഥാന സർക്കാരിൻറെ നാലാം വാർഷികാചരണത്തിനോടനുബന്ധിച്ച് ഏപ്രിൽ 27 ന് കോട്ടയത്താണ് ആശാ സംഗമവും ആശമാരെ ആദരിക്കാനും സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
70 ദിവസമായി ആശാ വർക്കർമാർ ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുകയാണ്. അതിനെ അനുഭാവപൂർവ്വം പരിഹരിക്കാൻ സർക്കാർ ശ്രമിക്കുന്നില്ല.ആശമാർക്കായി ന്യായമായ ഓണറേറിയം കൂട്ടാൻ സാധിക്കാത്തവർ ആശമാരെ ആദരിക്കുമെന്ന് പറയുന്നത് വിരോധാഭാസമാണ്.
സർക്കാരിൻറെ പരിപാടിയിൽ ആളെ കൂട്ടുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ. വാർഷികം എന്ന പേരിൽ കോടികൾ ചെലവിട്ട് ധൂർത്തടിക്കാനാണ് പോകുന്നത്. ഇങ്ങനെ ആഘോഷങ്ങളും മാമാങ്കങ്ങളും നടത്തി ജനങ്ങളെ എക്കാലവും കബളിക്കാൻ സാധ്യമല്ല. ഇത് പ്രതിഷേധാർഹമാണ്. സർക്കാരിൻറെ ഈ വാർഷിക ധൂർത്തിനെ ആശാ വർക്കർമാരും പൊതുസമൂഹവും ഒന്നടങ്കം ബഹിഷ്കരിക്കണം - അവർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.