കൊച്ചി: സിനിമയിൽ ഉപയോഗിക്കാൻ ആൺ-പെൺ ദൈവങ്ങളുടെ പട്ടിക നൽകണമെന്ന് ആവശ്യപ്പെട്ട് സെൻസർ ബോർഡിന് വിവരാവകാശ അപേക്ഷ. ഹൈകോടതി അഭിഭാഷകനായ ഹരീഷ് വാസുദേവനാണ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്.
ജെ.എസ്.കെ-ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് നിർദേശിച്ച സാഹചര്യത്തിലാണ് അപേക്ഷ നൽകിയിരിക്കുന്നത്. ജാനകി എന്നത് ദൈവത്തിന്റെ പേരായത് എങ്ങനെയെന്നും അപേക്ഷയിൽ ചോദിച്ചിട്ടുണ്ട്.
ബലാത്സംഗത്തിന് ഇരയായ അതിജീവിതയുടെ കഥ പറയുന്ന സിനിമ എടുക്കുന്നുണ്ടെന്നും അവർക്ക് ദൈവങ്ങളുടെ പേരിടുന്നത് ഒഴിവാക്കാൻ പെൺ ദൈവങ്ങളുടെ പേര് നൽകണമെന്നുമാണ് അപേക്ഷന്‍റെ ആവശ്യം. ലൈംഗികാതിക്രമം നടത്തുന്ന കഥാപാത്രത്തിന് ദൈവങ്ങളുടെ പേര് നൽകുന്നത് ഒഴിവാക്കാനാണ് ദൈവങ്ങളുടെ പട്ടിക ആവശ്യപ്പെടുന്നതെന്നും അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ വെബ്സൈറ്റിൽ ദൈവങ്ങളുടെ പേര് പട്ടിക കാണാത്തത് കൊണ്ട് മാത്രമാണ് അപേക്ഷ കൊടുക്കേണ്ടി വന്നതെന്ന് ഹരീഷ് വാസുദേവൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. പൊതുതാൽപര്യം മുൻനിർത്തി ദൈവങ്ങളുടെ പേര് പട്ടിക പ്രസിദ്ധീകരിക്കാൻ ബോർഡ് മുൻകൈ എടുത്തില്ലെങ്കിൽ പട്ടിക കിട്ടുമ്പോൾ താൻ പ്രസിദ്ധീകരിക്കുമെന്നും ഹരീഷ് പോസ്റ്റിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.