ആലപ്പുഴ നഗരസഭ ആരോഗ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കൾ
മിന്നൽ പരിശോധന; നഗരത്തിലെ ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ആലപ്പുഴ: നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ പത്ത് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവിടെനിന്ന് പഴകിയ ഇറച്ചി, ബിരിയാണി എന്നിവ പിടിച്ചെടുത്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ അടച്ചുപൂട്ടിക്കാൻ നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
ഇതേ പ്രദേശത്തെ മറ്റൊരു ഹോട്ടൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇവിടുത്തെ വർക്ക് ഏരിയ വൃത്തിഹീനമായ നിലയിലായിരുന്നു. മാലിന്യസംസ്‌കരണത്തിനും പുക പുറത്തേക്ക് പോകാനും തൃപ്തികരമായ സംവിധാനമില്ലെന്ന് കണ്ടെത്തി.
കളർകോട് പ്രവർത്തിക്കുന്ന ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അടുക്കളകൾ ശുചീകരിച്ച് നവീകരിക്കണമെന്ന് നിർദേശിച്ച് സ്ഥാപന ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. നഗരവാസികൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പാക്കാൻ ഹോട്ടലുകളിലും ഭക്ഷണശാലകളിലും പരിശോധന തുടരുമെന്ന് നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എ.എം. നൗഫലും അറിയിച്ചു.
ശുചിത്വം, ഭക്ഷ്യസുരക്ഷ, ജീവനക്കാരുടെ ആരോഗ്യസുരക്ഷ എന്നിവ ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും അവർ പറഞ്ഞു. സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സാലിൻ ഒ, ജെസീന എ.ജെ, ധനലക്ഷ്മി പി.എം എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. പഴകിയഭക്ഷണം പിടിച്ചെടുത്ത സ്ഥാപനങ്ങളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ നഗരസഭാധികൃതർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.