മൊഴികളും വാട്ട്സ്ആപ്പ് ചാറ്റും; കൂടുതൽ കുരുക്കിലേക്ക് ശിവശങ്കർ, സ്വപ്ന സുരേഷിനെ വീണ്ടും വിളിച്ചു വരുത്താൻ നീക്കം

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കൂടുതൽ വെട്ടിലാക്കി മൊഴികളും വാട്ട്സ്ആപ്പ് ചാറ്റും. ചോദ്യം ചെയ്യൽ പുരോഗമിക്കുമ്പോൾ, വ്യാഴാഴ്ച ഇ.ഡിക്ക് മുന്നിൽ ഹാജരായ ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിന്‍റെ മൊഴിയും ശിവശങ്കറിനെതിരായി. ശിവശങ്കര്‍ നിര്‍ദേശിച്ച പ്രകാരമാണ് സ്വപ്‌നയുമായി ചേര്‍ന്ന് ലോക്കര്‍ തുറന്നതെന്ന് ഇദ്ദേഹം മൊഴി നൽകിയതായാണ് വിവരം.

ലോക്കറിനെക്കുറിച്ച് അറിയില്ലെന്നാണ് ശിവശങ്കർ പറഞ്ഞിരുന്നത്. പത്ത് മണിക്കൂറോളമാണ് ശിവശങ്കറിനെയും വേണുഗോപാലിനെയും ഒരുമിച്ചിരുത്തിയും ഒറ്റക്കും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ ചോദ്യം ചെയ്തത്. ശിവശങ്കറിന്‍റെ നിർദേശ പ്രകാരം മൂന്ന് ലോക്കർ തുറന്നതായാണ് കണ്ടെത്തൽ.

വേണുഗോപാലിന്‍റെ മൊഴി അടിസ്ഥാനമാക്കി സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സരിത്ത് തുടങ്ങിയവരെ വീണ്ടും വിളിച്ചു വരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ ഏജൻസി. കരാറുകാരായ യൂനിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പനെ താന്‍ പരിചയപ്പെടുന്നത് ശിവശങ്കര്‍ വഴിയാണെന്ന് ലൈഫ് മിഷൻ മുൻ സി.ഇ.ഒ യു.വി. ജോസും മൊഴി നല്‍കിയിട്ടുണ്ട്.

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കരാർ യൂനിടാക് കമ്പനിക്ക് ലഭിക്കാൻ ഇടപെട്ടതിലും റെഡ് ക്രസൻറിനെ പദ്ധതിയിലേക്ക് എത്തിച്ചതിലും ശിവശങ്കറിന് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ ഇ.ഡി പരിശോധിച്ച് വരികയാണ്. പദ്ധതിയുടെ ധാരണാപത്രം ഒപ്പിടുന്നതിന് രണ്ടുദിവസം മുമ്പ് ശിവശങ്കറും സ്വപ്‌ന സുരേഷും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റുകൾ വിശദമായി പരിശോധിച്ചിട്ടുണ്ട്.

റെഡ്ക്രസൻറ് സര്‍ക്കാറിന് സമര്‍പ്പിക്കേണ്ട കത്തിന്‍റെ രൂപ രേഖയും ശിവശങ്കര്‍ സ്വപ്നക്ക് അയച്ചിരുന്നു. കോണ്‍സുലേറ്റിന്‍റെ കത്തുകൂടിചേര്‍ത്ത് മുഖ്യമന്ത്രിക്ക് നൽകണം, ധാരണാപത്രം ഒപ്പുവെക്കുന്നതിന്‍റെ തലേദിവസം ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറണം, ആവശ്യമെങ്കില്‍ രവീന്ദ്രനെ വിളിക്കാം എന്നിങ്ങനെ സന്ദേശത്തില്‍ ഇ.ഡി കണ്ടെത്തിയിട്ടുണ്ട്.

പ്രളയദുരിത ബാധിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുന്നതിനും ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നതിനും 21.72 കോടി രൂപയുടെ പദ്ധതിയാണ് റെഡ്ക്രസൻറ് മുന്നോട്ടുവെച്ചത്. അതേസമയം ചോദ്യങ്ങളോടുള്ള ശിവശങ്കറിന്‍റെ നിസ്സഹകരണം തുടരുകയാണ്.

Tags:    
News Summary - Life Mission Scam Statements and WhatsApp Chat; M. Sivasankar to More Trouble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.