തലശ്ശേരി: ഓട്ടോക്കൂലി സംബന്ധിച്ച വാക്കുതർക്കത്തിനിടയിൽ സുഹൃത്തിെന ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ തമിഴ്‌നാട് സ്വദേശിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. തമിഴ്‌നാട് വില്ലുപുരം ശങ്കരപുരം കള്ളകോട്ടായി മൂങ്ങിൽ തുരൈപാടിൽ സെൽവരാജ് കുമാറിനെയാണ് (28) തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി (രണ്ട്) ജഡ്‌ജി എം. തുഷാർ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. പിഴ അടച്ചാൽ പരിക്കേറ്റ ശങ്കരപുരം നെടുമാനൂർ 32 വെസ്‌റ്റ് സ്‌ട്രീറ്റ് സ്വദേശിയും മണ്ണുമാന്തിയന്ത്രം ഓപറേറ്ററുമായ ആർ. മുരുകന് (35) നൽകാനും കോടതി ഉത്തരവിട്ടു.
2019 സെപ്റ്റംബർ 22ന് ഇരിട്ടി പയഞ്ചേരി വികാസ് നഗറിലെ ചെന്നയ്യെൻറ വീട്ടിലാണ് കേസിനാസ്‌പദമായ സംഭവം. ആക്രമണത്തിൽ തലയോട് പൊട്ടി ഗുരുതരമായി പരിക്കേറ്റ മുരുകൻ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു.
ഒന്നിച്ച് താമസിക്കുന്നവരാണ് മുരുകനും പ്രതി സെൽവരാജ് കുമാറും. ഇരിട്ടി സി.ഐ എ. കുട്ടികൃഷ്‌ണനാണ് കേസന്വേഷിച്ചത്. 80 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചു. 25 സാക്ഷികളെ വിസ്‌തരിക്കുകയും 38 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. അജയകുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.