തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഒാഫിസിലെ സ്പെഷൽ ഒാഫിസറുടെ ഭാര്യക്ക് കേരള സർവകലാശാലയിൽ മലയാളം മഹാനിഘണ്ടു (െലക്സിക്കൺ) മേധാവിയായി നിയമനം നൽകാൻ യോഗ്യതകളിൽ മാറ്റംവരുത്തിയത് വി.സിയും രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മലയാള വിഭാഗം പ്രഫസറുമാണെന്നതിെൻറ തെളിവുകൾ പുറത്ത്.
2020 ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വി.സിയുടെ നിർദേശപ്രകാരം അധിക അജണ്ടയായി െലക്സിക്കൺ മേധാവിയെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, യോഗ്യതകളിൽ ഭേദഗതി വരുത്തി സംസ്കൃത പ്രഫസർമാരിൽനിന്നുകൂടി അപേക്ഷ ക്ഷണിക്കാനുള്ള വിജ്ഞാപനം രജിസ്ട്രാർ പുറപ്പെടുവിക്കുകയായിരുന്നു. ഇൗ വിജ്ഞാപനം സർവകലാശാല പഠനവകുപ്പുകളിലോ പത്രമാധ്യമങ്ങളിലോ പ്രസിദ്ധീകരണത്തിന് നൽകിയില്ല. അപേക്ഷ സമർപ്പിച്ച പൂർണിമ മോഹനെ മാത്രം മേയ് ആറിന് ഇൻറർവ്യൂവിന് ക്ഷണിച്ച വിദഗ്ധസമിതി നിയമനത്തിന് യോഗ്യയാണെന്ന് ശിപാർശ ചെയ്തു.
വിജ്ഞാപനത്തിലെ യോഗ്യതകളിൽ കൂട്ടിച്ചേർക്കൽ നടത്തിയ രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രഫസർ തന്നെയായിരുന്നു ഇൻറർവ്യൂ കമ്മിറ്റിയിലെ രണ്ട് വിഷയവിദഗ്ധരിൽ ഒരാൾ. മേയ് ഏഴിന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ, പൂർണിമയുടെ യോഗ്യതകളും ഔദ്യോഗിക വിലാസവും മറച്ചുവെച്ചാണ് നിയമന തീരുമാനമെടുത്തതെന്ന് സർവകലാശാല രേഖകൾ വ്യക്തമാക്കുന്നു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുമ്പോൾ ഏത് സ്ഥാപനത്തിൽനിന്നാണ് നിയമിക്കപ്പെടുന്നതെന്ന് രേഖപ്പെടുത്തേണ്ടതുണ്ട്. സർവകലാശാല ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി യോഗ്യതകളിൽ മാറ്റങ്ങൾ വരുത്തി അതീവ രഹസ്യമായി ഉന്നത തസ്തികയിൽ നിയമനം നടത്തുന്നത് ആദ്യമായാണ്.
യോഗ്യത മാറ്റാൻ വി.സിയും രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന മലയാള വിഭാഗം പ്രഫസറും ചേർന്ന് നടത്തിയ ഗൂഢാലോചനയെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഡി.ജി.പിക്ക് പരാതി നൽകി. സംഭവത്തിൽ ഗവർണർ കേരള സർവകലാശാല വൈസ്ചാൻസലറോട് വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.