വൈത്തിരി (വയനാട്): വൈത്തിരിയിൽ വീട്ടുകിണറ്റിൽ വീണ പുള്ളിപ്പുലിയെ വനം, അഗ്നിശമന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മ യക്കുവെടി വെച്ച് പുറത്തെത്തിച്ചു. വ്യാഴാഴ്ച അർധരാത്രിയാണ് വൈത്തിരി വട്ടവയൽ ശോഭ നിവാസിൽ ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ മൂന്നു വയസ്സുള്ള ആൺപുലി വീണത്.
20 അടി താഴ്ചയുള്ള കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഗോപിയും ഭാര്യയും നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ഉടൻ അയൽവാസികളെയും പൊലീസിനെയും അറിയിച്ചു. നേരം വെളുത്തപ്പോഴേക്കും പ്രദേശത്തേക്ക് ജനം ഒഴുകി. വനം ഉദ്യോഗസ്ഥരും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി. ഇരയെ പിന്തുടരുന്നതിനിടയിലാണ് പുലി കിണറ്റിൽ അകപ്പെട്ടതെന്ന് കരുതുന്നു. കിണറിനു ചുറ്റും പിടിവലി നടന്ന പാടുകളുണ്ട്.
വനംവകുപ്പ് കൊണ്ടുവന്ന വലയിൽ പലക വിരിച്ച് കിണറ്റിലേക്ക് താഴ്ത്തി. വൈൽഡ് ലൈഫ് സർജൻ ഡോ. അരുൺ സക്കറിയ മയക്കുവെടി വെച്ചശേഷം വലയിൽ കുരുക്കി. ഉച്ചയായപ്പോഴേക്കും അഗ്നിശമന ജീവനക്കാരും ചേർന്ന് പുലിയെ പുറത്തെത്തിച്ചു.
സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത്, കൽപറ്റ റേഞ്ച് ഓഫിസർ കെ.ജെ. ജോസ്, ബത്തേരി ആർ.ആർ.ടി റേഞ്ച് ഓഫിസർ ഹാഷിഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വനം ഉദ്യോഗസ്‌ഥരും എസ്.ഐ ജിതേഷ്, സിവിൽ ഓഫിസർമാരായ രതീഷ്, ഷാജഹാൻ, അനസ്, അഭിലാഷ്, റമീന എന്നിവരുടെ നേതൃത്വത്തിൽ വൈത്തിരി പൊലീസും സ്ഥലത്തു ക്യാമ്പ് ചെയ്തു. സ്റ്റേഷൻ ഓഫിസർ ജോമി, സീനിയർ ഓഫിസർ അനിൽ, ഓഫിസർമാരായ ഷാജി, സുരേഷ്, വിശാൽ, സുനി ജോർജ്, ധനീഷ്, ശിവദാസൻ എന്നിവരടങ്ങിയ അഗ്നിശമന സേന അംഗങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. കൂട്ടിലാക്കിയ പുലി പൂക്കോട് വെറ്ററിനറി കോളജിൽ നിരീക്ഷണത്തിലാണ്.
ഇപ്പോൾ പുലിയും; വട്ടവയൽ നിവാസികൾ ഭീതിയിൽ
വൈത്തിരി: ആനകളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായ വട്ടവയൽ ഭാഗത്ത് പുലികൂടി ഇറങ്ങിയതോടെ നാട്ടുകാർ കടുത്ത ഭീതിയിലായി. വൈത്തിരി പുഴയോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം കാട്ടുപന്നികളുടെയും പെരുമ്പാമ്പുകളുടെയും വിഹാരകേന്ദ്രമാണ്. ഈ ഭാഗത്തുള്ള കർഷകരുടെ വിളകൾ ആനകൾ നശിപ്പിക്കുന്നത് പതിവാണ്.
വീടുകളിൽ പോലും വന്യമൃഗ ശല്യം രൂക്ഷമാണെന്ന് വട്ടവയൽ സ്വദേശിയും സാമൂഹിക പ്രവർത്തകനുമായ പി. അനിൽകുമാർ പറഞ്ഞു. നിരവധി തവണ വനംവകുപ്പിന് പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ആനയുടെ ഉപദ്രവത്തിൽ പലരുടെയും വീടിെൻറ മതിലും ഗേറ്റും കാറുകളും തകർന്നിരുന്നു. ഇതിനിടെയാണ് പുലിയുടെ സാന്നിധ്യംകൂടി പ്രദേശത്ത് ഉണ്ടാകുന്നത്. ഇത് നാട്ടുകാരിൽ കടുത്ത ആശങ്കയുണ്ടാക്കിയിട്ടുണ്ട്. കിണറ്റിൽ വീണ പുലി വന്നത് റോഡിലൂടെയാണ്.
വീട്ടുടമസ്ഥനായ ഗോപിയുടെ വീട്ടുമുറ്റത്തും പുലിയുടെ കാൽപാടുകൾ കണ്ടെത്തിയിരുന്നു. ഒരാഴ്ച മുമ്പ് ബത്തേരിയിൽ ഒരാളെ പുലി തിന്നത് ഇപ്പോൾ ഭീതിയോടെയാണ് വട്ടവയലുകാർ ഓർക്കുന്നത്. ദേശീയപാതയിൽ വൈത്തിരി കുന്നത്തുപാലത്തിൽനിന്ന് ഒരു കിലോമീറ്റർ ഉള്ളിലാണ് വട്ടവയൽ. വൈത്തിരി പുഴയുടെ ഒാരത്താണ് ഈ പ്രദേശം. പുലി പൂർണ ആരോഗ്യവാനാണെന്നും നിരീക്ഷണത്തിനു ശേഷം എന്ത് ചെയ്യണമെന്നതിനെ കുറിച്ച തീരുമാനമെടുക്കുമെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.