കാലടി: മലയാറ്റൂർ കണ്ണിമംഗലത്ത് സ്വകാര്യ വ്യകതിയുടെ പറമ്പിലെ കേബിളിൽ കുടുങ്ങി പുള്ളിപ്പുലി ചത്തു. ബുധനാഴ്ച രാത്രിയാണ് 10 വയസ്സുള്ള പുലി കണ്ണിമംഗലം ദേവീക്ഷേത്രത്തിന് സമീപം വനാതിർത്തിയോട് ചേർന്ന ആൾത്താമസമില്ലാത്ത പറമ്പിൽ കേബിളിൽ കുടുങ്ങിയത്. കാട്ടുപന്നി അടക്കം വന്യമൃഗശല്യം കുറക്കാൻ സ്ഥാപിച്ചതാണ് കേബിൾ. നടുവട്ടം സ്വദേശികളായ റഫീഖ്, ജോൺ എന്നിവരുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടമാണിതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വ്യാഴാഴ്ച പുലർച്ച ഉച്ചത്തിലുള്ള മുരൾച്ച കേട്ട പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. ഇരുചക്രവാഹനത്തിൽ ഉപയോഗിക്കുന്ന ക്ലച്ച് കേബിൾ പുലിയുടെ ദേഹത്ത് ചുറ്റിവരിഞ്ഞ നിലയിലായിരുന്നു. സംഭവമറിഞ്ഞ് ആളുകളും തടിച്ചുകൂടി. കുടുക്കിൽനിന്ന് രക്ഷപ്പെട്ടാൽ ആക്രമണ സ്വഭാവം കാണിക്കുമെന്നതിനാൽ പൊലീസ് ആൾക്കൂട്ടത്തെ നിയന്ത്രിച്ചു. തൃശൂരിൽനിന്ന് വെറ്ററിനറി ഡോക്ടറെത്തി മയക്കുവെടിെവച്ചതിനുശേഷം കൂട്ടിലാക്കി കോടനാട് റെസ്ക്യുഹോമിലേക്ക് മാറ്റാനായിരുന്നു തീരുമാനം. എന്നാൽ, രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കേബിൾ മുറുകിയതിനാലും നിർജലീകരണം മൂലവും പുലി ചാവുകയായിരുന്നുവെന്ന് വെറ്ററിനറി ഡോക്ടർ പറഞ്ഞു.
കോടനാട് റെസ്ക്യുഹോമിൽ എത്തിച്ച് പരിശോധന നടത്തി മേൽനടപടി സ്വീകരിച്ചു. കണ്ണിമംഗലത്ത് കൊണ്ടുവന്ന് വിദഗ്ധ സംഘത്തിെൻറ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് ഉൾവനത്തിൽ കൊണ്ടുപോയി ദഹിപ്പിച്ചു. കോടനാട് ഡി.എഫ്.ഒ എ. രഞ്ജൻ, മലയാറ്റൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി.എസ്. സേവ്യർ, അസി. ഫോറസ്റ്റ് കൺസർവേറ്റർമാരായ അയ്യപ്പൻ, എസ്. വൈശാഖ് എന്നിവരുടെ നേതൃത്വത്തിലാണ് മേൽനടപടി സ്വീകരിച്ചത്. കുറച്ച് ദിവസമായി കണ്ണിമംഗലത്തും സമീപപ്രദേശമായ സെൻറ് മാർട്ടിൻ നഗറിലും പുലി ശല്യം രൂക്ഷമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.