തിരുവനന്തപുരം: ഭൂവിനിയോഗം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാൻ 1960ലെ ഭൂപതിവ് നിയമത്തിൽ ഭേദഗതി വരുത്തും. ഇതുസംബന്ധിച്ച ഭേദഗതി ബിൽ ജനുവരി 23ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ, ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. പുതുതായി കൊണ്ടുവരുന്ന ചട്ടങ്ങള്‍ സംസ്ഥാനത്തിന് പൊതുവില്‍ ബാധകമാകുംവിധം തയാറാക്കാൻ റവന്യൂ, നിയമ വകുപ്പ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി.
1960ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാറിന് അധികാരം നല്കുന്ന വകുപ്പ് ചേർത്താകും ഭേദഗതി. ഇതിന്റെ തുടർച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. മുമ്പ് കൃഷി ആവശ്യത്തിനായി പതിച്ചുനൽകിയതും ഇപ്പോൾ കൃഷിയില്ലാത്തതുമായ ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് പരിവർത്തനം ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിൽ നിയമഭേദഗതി കൊണ്ടുവരും.
ജീവിതോപാധിക്കായി നിർമിച്ച 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങളും കാർഷികാവശ്യത്തിനായി അനുവദിച്ച ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമഭേദഗതിയും ചട്ട നിർമാണവുമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവത്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്ന വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്തും.
1500 ചതുരശ്ര അടിക്ക് മുകളില്‍ വിസ്തീർണമുള്ള നിർമിതികള്‍ ക്രമപ്പെടുത്തേണ്ടിവരികയാണെങ്കില് ഉയർന്ന ഫീസ് ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതുകെട്ടിടങ്ങളെ പ്രത്യേകം പരിഗണിക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിൽശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിർമാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ്റ്റാൻഡുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമപ്രകാരം പൊതുകെട്ടിടങ്ങളെന്ന് നിർവചിച്ചിട്ടുള്ളവയെ ഒഴിവാക്കും.
പൊതുസവിശേഷതകളുടെ അടിസ്ഥാനത്തില്‍ രണ്ടുതരം പ്രശ്നങ്ങളാണ് ഇടുക്കിയിലെ ഭൂപതിവുമായി ബന്ധപ്പെട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 1960ലെ ഭൂപതിവ് നിയമത്തിലും ഭൂപതിവ് ചട്ടങ്ങളിലുമുള്ള ഭേദഗതികളിലൂടെ മാത്രം പരിഹരിക്കാവുന്നവയാണ് ഒന്നാമത്തേത്. നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തുന്നതുവരെ കാത്തിരിക്കാതെ ക്രമപ്പെടുത്തി ആവശ്യമെങ്കില്‍ നിയമ, ചട്ട ഭേദഗതികള്‍ക്കുശേഷം സാധൂകരിക്കാവുന്നതാണ് രണ്ടാമത്തേത്. രണ്ടാമത്തെയിനത്തില് ഉയർന്ന ഒമ്പത് പ്രശ്നങ്ങൾ മുഖ്യമന്ത്രി യോഗത്തിൽ വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ കെ. രാജൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ വി.പി. ജോയി, അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണകുറുപ്പ് തുടങ്ങിയർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.