വിചിത്ര തീരുമാനവുമായി കാലിക്കറ്റിലെ ഇടത് സിൻഡിക്കേറ്റ്

കോഴിക്കോട്: എതിർ ശബ്ദങ്ങളെ അടിച്ചമർത്താൻ വിചിത്രമായ തീരുമാനവുമായി കാലിക്കറ്റ് സർവകലാശാലയിലെ ഇടത് പക്ഷ സിൻഡിക്കേറ്റ്. ഏതെങ്കിലും തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തണമെങ്കിൽ ഭൂരിപക്ഷം പേരുടെ പിന്തുണ വേണമെന്നാണ് ജൂൺ ഒമ്പതിന് നടന്ന സിൻഡിക്കേറ്റ് യോഗത്തിലെ തീരുമാനം.

കഴിഞ്ഞ ദിവസം മിനുട്സ് പുറത്ത് വന്നപ്പോഴാണ് വിചിത്ര തീരുമാനം അറിയുന്നത്. സിൻഡിക്കേറ്റിൽ സി.പി.എം നേതൃത്വത്തിലുള്ള ഇടത് അംഗങ്ങൾക്കാണ് മൃഗീയ ഭൂരിപക്ഷം. മൂന്ന് പേർ മാത്രമാണ് പ്രതിപക്ഷം. ഇതിൽ സിൻഡിക്കേറ്റിന് പല വിഷയങ്ങളിലും 'തലവേദന'യായ അംഗം ഡോ. റഷീദ് അഹമ്മദിന്റെ വിയോജനക്കുറിപ്പിനെതിരെയാണ് സിൻഡിക്കേറ്റ് നടപടി.

ലൈഫ് സയൻസ് ഡിപ്പാർട്ട്മെന്റിലെ അധ്യാപകനായ ഡോ. രാധാകൃഷ്ണപ്പിള്ളയെ പുറത്താക്കുന്നതിന് ഉപസമിതി തയാറാക്കിയ റിപ്പോർട്ടിനെതിരെ ഡോ. റഷീദ് അഹമ്മദ് വിയോജന കുറിപ്പ് നൽകിയതാണ് വിവാദമായത്. വിയോജിപ്പ് പിൻവലിക്കാൻ ഭൂരിപക്ഷം സിൻഡിക്കേറ്റ് അംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും ഡോ. റഷീദ് അഹമ്മദ് തയാറായില്ല.

അതോടെയാണ് ഭൂരിപക്ഷത്തിന്റെ അനുമതിയില്ലാതെ വിയോജിപ്പ് രേഖപ്പെടുത്താൻ അനുവദിക്കില്ല എന്ന വിചിത്ര തീരുമാനമെടുത്തത്. ഇനി മുതൽ വിയോജനക്കുറിപ്പുകൾ യോഗത്തിൽ വായിച്ച് അംഗീകാരം നേടിയ ശേഷമേ മിനുട്സിൽ  ഉൾപ്പെടുത്തുകയുള്ളൂ എന്നാണ് തീരുമാനം. ഇതിനെതിരെ റഷീദ് അഹമ്മദ് ചാൻസലർ കൂടിയായ ഗവർണർക്ക് പരാതി നൽകി. എതിർ സ്വരങ്ങളെ ഇല്ലാതാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

ഇതോടെ സർവകലാശാലയിലെ ജനാധിപത്യ സംവിധാനത്തെ ഇല്ലാതാക്കും. ഭൂരിപക്ഷത്തിൻറെ അനുവാദമുണ്ടങ്കിലേ വിയോജിപ്പ് അനുവദിക്കുകയുള്ളൂ എന്നതിനർഥം വിയോജിപ്പ് രേഖപ്പെടുത്താൻ സാധിക്കില്ല എന്നതാണെന്നും പരാതിയിൽ പറയുന്നു. തീരുമാനവും തുടർന്നുണ്ടായ ഉത്തരവും റദ്ദാക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം.    


Tags:    
News Summary - Left syndicate in Calicut with strange decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.